ഒാൺലൈൻ പിരിവ്: സമൂഹ മാധ്യമ പരസ്യങ്ങൾ നിരീക്ഷിക്കും
text_fieldsകുവൈത്ത് സിറ്റി: അംഗീകാരമില്ലാതെ ഒാൺലൈനായി പിരിവ് നടത്തുന്നത് കണ്ടെത്താൻ സാമൂഹികക്ഷേമ മന്ത്രാലയം നിരീക്ഷണം ശക്തമാക്കും.
സമൂഹമാധ്യമങ്ങളിലെ ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കും. റമദാൻ മാസത്തിൽ ഇത്തരം പിരിവ് വ്യാപകമാകുന്നത് കണക്കിലെടുത്ത് അധികൃതർ മുന്നൊരുക്കം ആരംഭിച്ചു. ഒാൺലൈനിലൂടെ സഹായാഭ്യർഥന നടത്തുന്നത് സംബന്ധിച്ച് ഏതാനും പരാതികൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലം മുതലാക്കി ചില വ്യക്തികളും പിരിവ് നടത്തുന്നുണ്ട്. അനർഹരുടെ കൈയിൽ പണം എത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്ക് മാത്രമാണ് പിരിവിന് അനുമതിയുള്ളത്. സന്നദ്ധ സംഘടനകളുടെ ആസ്ഥാനത്ത് ഉദ്യോഗസ്ഥർ എത്തി രേഖകൾ പരിശോധിക്കുന്നുണ്ട്. മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്.
കെ. നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല. അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്.
ഉദാരമതികളിൽനിന്ന് സ്വരൂപിച്ച പണത്തിന് കൃത്യമായ ഉറവിടം കാണിക്കാൻ സംഘടനകൾ ബാധ്യസ്ഥമാണ്.
റമദാനിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പിരിവ് കൂടുതലായി നടക്കാറുണ്ട്. പള്ളികൾക്കകത്ത് പിരിവ് നടത്തുന്നത് തടയാൻ മത്ഫിയിലും ഉദ്യോഗസ്ഥരുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.