ഒപെക് എണ്ണ ഉൽപാദനം എട്ടുലക്ഷം ബാരൽ കുറക്കും
text_fieldsകുവൈത്ത് സിറ്റി: എണ്ണ ഉൽപാദനം എട്ടുലക്ഷം ബാരൽ വെട്ടിക്കുറക്കാൻ ഒപെക് കൂട്ടായ്മ തീരുമാനിച്ചു. മാരത്തോൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. ആറുമാസത്തേക്കാണ് ഉൽപാദന നിയന്ത്രണം. ഇതിനിടയിൽ ഏപ്രിലിൽ മന്ത്രിതല യോഗം ചേർന്ന് അപ്പോഴത്തെ സ്ഥിതി വിലയിരുത്തി നിയന്ത്രണം നീട്ടണോയെന്ന് തീരുമാനിക്കും.
റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെക് കൂട്ടായ്മ നാലുലക്ഷം ബാരൽ വെട്ടിക്കുറക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വിയന്നയിൽ നടന്ന ഒപെക് യോഗത്തിലേക്ക് റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെക് കൂട്ടായ്മയെ കൂടി പെങ്കടുപ്പിച്ച് നടത്തിയ ദീർഘമായ ചർച്ചക്കൊടുവിലാണ് നിയന്ത്രണത്തിന് തീരുമാനമായത്. അതേസമയം, ഏതൊക്കെ രാജ്യങ്ങൾ എത്ര അളവിൽ ഉൽപാദനം കുറക്കുമെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇറാൻ, വെനിസ്വേല, ലിബിയ എന്നിവ വെട്ടിക്കുറക്കാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർത്തത്. ഉൽപാദനം കുറക്കാനുള്ള തീരുമാനം പുറത്തുവന്നതിനെ തുടർന്ന് വെള്ളിയാഴ്ച എണ്ണവില വർധിച്ചു. ഒപെകിലെ രാജ്യങ്ങളുടെ കറൻസി മൂല്യവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.