മലയാള മാസാചരണം: മലയാളം മിഷൻ എസ്.എം.സി.എ വെബിനാർ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: മലയാളം മിഷൻ എസ്.എം.സി.എ കുവൈത്ത് മേഖല മലയാള മാസാചരണത്തോടനുബന്ധിച്ച് 'മലയാള ഭാഷോൽപത്തി' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സർദാർ വല്ലഭ്ഭായി പട്ടേൽ നാഷനൽ പൊലീസ് അക്കാദമി ഭാഷാ അധ്യാപകനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മുൻ മേധാവിയുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് വിഷയം അവതരിപ്പിച്ചു. മലയാളികളുടെ ഉയർന്ന ചിന്തയും ലോകമെമ്പാടുമുള്ള പ്രവാസി സാന്നിധ്യവും കേരളത്തിെൻറ സാംസ്കാരിക തനിമയും ഫ്യൂഡൽ പുരുഷ പക്ഷപാതിത്വങ്ങൾ ഇല്ലാത്ത പുതിയ കാലത്തിെൻറ ജനാധിപത്യ ഭാഷയായി മലയാളത്തെ മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദ്രാവിഡ ഭാഷയായ മലയാളം നിരവധി ഭാരതീയ വിദേശ ഭാഷകളുമായി സഹസ്രാബ്ദങ്ങൾ നീണ്ട സമ്പർക്കം മൂലം മികച്ച പദസമ്പത്ത് സ്വരൂപിച്ചിട്ടുള്ളതിനാൽ ഇന്ന് ലോകത്തെ ഏതുവിഷയവും കൈകാര്യം ചെയ്യാൻ തക്ക പ്രാപ്തിയുള്ള ഭാഷയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി ഫർവാനിയ ഏരിയ ജനറൽ കൺവീനർ ജിസ്മോൻ ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, പ്രധാനാധ്യാപകൻ സജി ജോൺ, സുധീപ് ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മെൽവിൻ ജോർജ് സ്വാഗതവും സെബാസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു. എയ്ഞ്ചൽ മരിയ സംഗീത് അവതാരകയായി. തോമസ് കറുകക്കളം, ജോന മഞ്ഞളി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.