സൗഹൃദ സന്ദേശവുമായി സംഘടന ഇഫ്താറുകൾ
text_fieldsകുവൈത്ത് സിറ്റി: സൗഹാർദത്തിന്റെയും മതനിരപേക്ഷതയുടെയും വിളംബരമായി കുവൈത്തിൽ വിവിധ സംഘടനകളുടെ ഇഫ്താർ വിരുന്നുകൾ സജീവം. ജാതിമത വ്യത്യാസമില്ലാതെ നടത്തപ്പെടുന്ന ഇഫ്താറുകൾ ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കാൻ സഹായിക്കുന്നു.
മതസംഘടനകൾ മാത്രമല്ല, പ്രാദേശിക കൂട്ടായ്മകളും ജില്ല, താലൂക്ക്, മേഖല സംഘടനകളും സാംസ്കാരിക കൂട്ടായ്മകളും വാട്സ്ആപ് ഗ്രൂപ്പുകളും ഇഫ്താർ സംഗമങ്ങൾ നടത്തുന്നു. ഭാരവാഹികളിൽ ഒരു മുസ്ലിം പോലും ഇല്ലാത്ത കൂട്ടായ്മകൾ വരെ ഇഫ്താർ സംഗമങ്ങൾ നടത്തുന്നത് നാടിന്റെ സംസ്കാരവും സഹവർത്തിത്വവും വിളിച്ചോതുന്ന ഐക്യവിളംബരമാകുന്നു.
മിക്കവാറും എല്ലാ ദിവസങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ നോമ്പുതുറ നടക്കുന്നുണ്ട്. വാരാന്ത്യ അവധി ദിവസങ്ങളിൽ ഇഫ്താറുകളുടെ ചാകരയാണ്. ഈ ദിവസങ്ങളിൽ ഹാളുകൾ കിട്ടാൻതന്നെ ബുദ്ധിമുട്ടാണ്. നോമ്പുതുറക്ക് പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് ലഘുവായി റമദാൻ സന്ദേശം കൈമാറുന്നത് ഇഫ്താർ സംഗമങ്ങളിലെ പ്രധാന അജണ്ടയാണ്.
മിക്കവാറും മുസ്ലിം സംഘടനകളുടെ നേതൃനിരയിൽ ഉള്ളവരാണ് സന്ദേശവാഹകരെങ്കിൽ മുസ്ലിംകളല്ലാത്തവരും സന്ദേശം നൽകുന്നുണ്ട്. നാട്ടിൽനിന്നെത്തിയ പണ്ഡിതന്മാരും സന്ദേശവാഹകരായുണ്ട്. സമൃദ്ധമായ ഭക്ഷണവിഭവങ്ങളാണ് ഇഫ്താർ സംഗമങ്ങളിൽ വിതരണം ചെയ്യുന്നത്. ലാളിത്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഇഫ്താർ പരിപാടികളുമുണ്ട്. മറ്റു സംഘടന പരിപാടികൾ താരതമ്യേന വളരെ കുറവാണ് ഇക്കാലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.