ഫലസ്തീൻ: സ്ലൊവീനിയ നിലപാട് കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെ പൂർണ രാജ്യമായി അംഗീകരിച്ച സ്ലോവീനിയ നടപടിയെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായുള്ള ക്രിയാത്മകമായ ഒരു ചുവടുവെപ്പാണ് സ്ലോവീനിയയുടേതെന്ന് കുവൈത്ത് മന്ത്രിതല പ്രസ്താവനയിൽ ചൂണ്ടികാട്ടി. യു.എൻ സുരക്ഷാകൗൺസിൽ പ്രമേയങ്ങളെയും അറബ് സമാധാന സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതാണ് സ്ലോവീനിയയുടെ അംഗീകാരം. കിഴക്കൻ ജറുസലമിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികൾക്കുള്ളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സ്ലോവീനിയയുടെ അംഗീകാരം ഗുണകരമാകുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഫലസ്തീനോടുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണ വ്യക്തമാക്കിയ മന്ത്രാലയം ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിനായി കൂടുതൽ രാജ്യങ്ങൾ സമാനമായ നടപടികൾ കൈക്കൊള്ളണമെന്നും ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി സ്ലോവീനിയൻ പ്രധാനമന്ത്രി റോബർട്ട് ഗോലോബ് പ്രഖ്യാപിച്ചത്. സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവ അടുത്തിടെ സമാന നിലപാട് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.