സ്വകാര്യ സ്കൂളുകളുടെ ചൂഷണമെന്ന് രക്ഷിതാക്കളുടെ പരാതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്കൂളുകളുടെ ചൂഷണമെന്ന് രക്ഷിതാക്കളുടെ പരാതി. ഒാൺലൈൻ ക്ലാസുകൾക്കായി വീട്ടിൽ ഇരിക്കുേമ്പാൾ കുട്ടികൾ യൂനിഫോം ധരിക്കണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്. യൂനിഫോം സ്കൂളിൽനിന്ന് തന്നെ വാങ്ങുകയും വേണം. സ്പോർട്സ് ഡേക്ക് പ്രത്യേക യൂനിഫോം ആണ്. വീട്ടിലിരുന്നാലും ഇൗ ദിവസം പ്രത്യേക ട്രാക്ക് സ്യൂട്ട് ധരിക്കണം. മൂന്നര ദീനാർ ആണ് സ്പോർട്സ് യൂനിഫോമിന് വാങ്ങുന്നത്. പുസ്തകങ്ങൾക്ക് അമിത വിലയാണെന്ന് നേരത്തേ തന്നെ പരാതിയുണ്ട്. പുസ്തകങ്ങൾക്കൊപ്പം പാക്കിങ് കവർ, നെയിം സ്ലിപ്പ് തുടങ്ങിയവ ആവശ്യപ്പെടാതെ തന്നെ നൽകുന്നു.
ഇതിനാകെട്ട അമിത നിരക്ക് ഇൗടാക്കുന്നുണ്ട്. മിക്കവാറും സ്കൂളുകൾ ഒാൺലൈൻ ക്ലാസുകൾക്ക് ട്യൂഷൻ ഫീസിന് പുറമെ ഇ-ലേണിങ് ഫീസ് ഇൗടാക്കുന്നു. ക്ലാസുകൾ അയച്ചുനൽകുന്ന ആപ്പുകൾക്ക് വേറെയും പണം വാങ്ങുന്നു. ട്യൂഷൻ ഫീസ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം 25 ശതമാനം കുറച്ചുനൽകിയിട്ടുണ്ട്. ഇൗ കുറവ് മറ്റു വഴികളിലൂടെ നികത്താൻ ശ്രമിക്കുന്നതായാണ് പരാതി. കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് വളരെ ബുദ്ധിമുട്ടിലാണ് രക്ഷിതാക്കൾ. ഫീസ് അടക്കാൻ തന്നെ പലർക്കും കഴിയുന്നില്ല. ഫീസ് കുടിശ്ശികയുള്ളവരുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതായും ക്ലാസ് കയറ്റം തടയുന്നതായും പരാതിയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായ നിരവധി രക്ഷിതാക്കൾ ഫീസ് കുടിശ്ശിക വരുത്തിയിട്ടുണ്ട്. നാട്ടിൽപോയ കുടുംബങ്ങളിലെ കുട്ടികളും ഒാൺലൈനായി ക്ലാസിൽ ഹാജരായിരുന്നു.
ഇവരുടെയും ഫീസ് കുടിശ്ശികയാണുള്ളത്. ഭാഗികമായി കുടിശ്ശികയുള്ള കുട്ടികളുടെയും ക്ലാസ് കയറ്റം തടഞ്ഞതായാണ് വിവരം. അതേസമയം, ചില സ്കൂളുകൾ രക്ഷിതാക്കളിൽനിന്ന് സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങി കുട്ടികൾക്ക് പ്രമോഷൻ നൽകി. ഫീസ് ബാക്കിയുള്ളത് അടക്കാമെന്നുതന്നെയാണ് രക്ഷിതാക്കൾ പറയുന്നത്. സാവകാശം മാത്രമാണ് അവർ ചോദിക്കുന്നത്. വലിയൊരു വിഭാഗം രക്ഷിതാക്കൾ ഫീസ് അടച്ചിട്ടില്ലെന്നും സ്കൂൾ നടത്തിക്കൊണ്ടുപോകാൻ പ്രയാസം നേരിടുന്നതിനാലാണ് ഫീസ് കുടിശ്ശിക അടച്ചുതീർക്കാൻ ആവശ്യപ്പെടുന്നതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ചട്ടങ്ങൾക്കു വിരുദ്ധമായി പല പേരുകളിൽ അധിക പണം ഇൗടാക്കുന്നതിനെതിരെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. കുട്ടികളുടെ അവസ്ഥയോർത്ത് പലരും പരസ്യമായ പ്രതികരണത്തിന് തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.