നിരപരാധിത്വം തെളിയും, മകൻ മടങ്ങി വരും...
text_fieldsകുവൈത്ത് സിറ്റി: ജോലി വാഗ്ദാനം നൽകി മയക്കുമരുന്നു നൽകി വഞ്ചിച്ച കേസിൽ യഥാർഥ പ്രതി പിടിയിലായതോടെ കുവൈത്ത് ജയിലിൽ കഴിയുന്ന മകന്റെ നിരപരാധിത്വം തെളിയുമെന്ന പ്രതീക്ഷയിൽ രക്ഷിതാക്കൾ. മയക്കുമരുന്നുമായി വിമാനത്താവളത്തിൽ പിടിയിലായി അഞ്ചുവർഷമായി കുവൈത്ത് ജയിലിൽ കഴിയുന്ന എറണാകുളം സ്വദേശി ജോമോന്റെ രക്ഷിതാക്കളാണ് മകന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നത്.
2018 നവംബർ ആറിനാണ് ലഹരിമരുന്ന് കടത്തി എന്ന കുറ്റത്തിന് എറണാകുളം നായരമ്പലം സ്വദേശി ജോമോനെ കുവൈത്ത് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുന്നത്. സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് ചേർത്തല സ്വദേശി ആൻറണി എന്നയാളാണ് ജോമോനെ കുവൈത്തിലേക്ക് അയച്ചത്. യാത്ര തിരിക്കുന്നതിനുമുമ്പ് ജോമോന്റെ കൈയിൽ ഒരുബാഗ് ആൻറണി നൽകിയിരുന്നു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് നൽകാനാണെന്നാണ് പറഞ്ഞത്. എന്നാൽ, കുവൈത്ത് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ ലഹരിമരുന്ന് കണ്ടെത്തി. തുടർന്ന് ജോമോൻ അറസ്റ്റിലാകുകയും 25 വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.
മകന്റെ നിരപരാധിത്വം ബോധ്യമുള്ള പിതാവ് സംഭവത്തിന് പിന്നിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ട് കേരള ഹൈകോടതിയെ സമീപിച്ചു. നാട്ടിൽനിന്ന് മയക്കുമരുന്നടങ്ങുന്ന ബാഗ് നൽകി കബളിപ്പിച്ചതിനെത്തുടർന്നാണ് ജോമോൻ അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തതെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഹരജി പരിഗണിച്ച ഹൈകോടതി 2021 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ദിവസങ്ങൾക്ക് മുമ്പ് ചേർത്തലയിലെ വീട്ടിൽനിന്ന് ആന്റണിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ആന്റണി ഇപ്പോൾ റിമാൻഡിലാണ്.
ആന്റണി പിടിയിലായതോടെ മകന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോമോന്റെ രക്ഷിതാക്കൾ. കേരള ഹൈകോടതി ഇടപെടലും ക്രൈംബ്രാഞ്ച് നടപടികളും പ്രതിയെ പിടികൂടിയതും വ്യക്തമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസിയെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.