അവസാന സെഷനും പിന്നിട്ട് പാർലമെൻറ്
text_fieldsകുവൈത്ത് സിറ്റി: 15ാമത് കുവൈത്ത് പാർലമെൻറിെൻറ അവസാന സെഷൻ വ്യാഴാഴ്ച നടന്നു. പ്രധാനപ്പെട്ട നിരവധി സംഭവവികാസങ്ങൾക്കും നിർണായകമായ നിരവധി നിയമനിർമാണങ്ങൾക്കും സാക്ഷിയായാണ് 15ാം പാർലമെൻറ് അവസാനിക്കുന്നത്. രണ്ട് അംഗങ്ങൾ അയോഗ്യരാക്കപ്പെടുകയും ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ദീർഘകാലം കുവൈത്ത് ഭരിച്ച ശൈഖ് സബാഹിെൻറ വിയോഗത്തോടെ അധികാര കൈമാറ്റമുണ്ടായി. നിരവധി കുറ്റവിചാരണകളും മന്ത്രിമാരുടെ രാജിയുമുണ്ടായി.
ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വന്നു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ ഏകപക്ഷീയമായിരുന്നു. ഇത്തവണ കരുത്തോടെ തിരിച്ചുവന്ന പ്രതിപക്ഷം സഭയിൽ നിർണായക സ്വാധീനമായി. പല ഘട്ടത്തിലും അവർ സർക്കാർ തീരുമാനങ്ങളെ വെല്ലുവിളിച്ചു. പൊതുതാൽപര്യം മുൻനിർത്തിയാണെന്ന ബോധ്യത്താൽ സർക്കാർ വിമർശനങ്ങളോട് സഹിഷ്ണുത പുലർത്തുകയും എം.പിമാരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. രാജ്യ പുരോഗതിക്കായുള്ള സർക്കാർ ശ്രമങ്ങൾക്ക് എം.പിമാരുടെ നിറഞ്ഞ പിന്തുണയുമുണ്ടായി. പ്രത്യേകിച്ച് കോവിഡ് പ്രതിരോധ നടപടികൾക്ക് ഏകപക്ഷീയമായ പിന്തുണയാണ് നൽകിയത്.
സ്വദേശിവത്കരണവും വരുമാന വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ട നിരവധി നിയമനിർമാണങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ നടന്നു. നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കുകയും പുതിയ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. ഇവയെല്ലാം ഇഴകീറി പരിശോധിച്ച പാർലമെൻറ് അംഗങ്ങൾ പൊതുമുതൽ സംരക്ഷിക്കാൻ മുന്നിൽനിന്ന് നിരീക്ഷിച്ചു. അസാധാരണമായ പാർലമെൻറ് കാലാവധിയാണ് പൂർത്തിയാവുന്നതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ആരോഗ്യപരമായും രാഷ്ട്രീയമായും വലിയ വെല്ലുവിളികൾക്ക് നടുവിലായിരുന്നു നടപ്പു പാർലമെൻറ്.
സർക്കാറുമായി നിർമാണാത്മകമായ സഹകരണം പുലർത്താൻ പാർലമെൻറിന് കഴിഞ്ഞു. കോവിഡ് പ്രതിസന്ധി ലോകത്തെത്തന്നെ നടപ്പുരീതികളിൽനിന്ന് മാറ്റി. കുവൈത്തിനും ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായില്ല. കോവിഡ് പ്രതിരോധത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ പരിശ്രമം വിജയകരമായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തൽ. മുൻമാതൃകകൾ ഇല്ലാത്തതിനാൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തി മികച്ചതും പ്രായോഗികവുമായ വഴികളിലൂടെ മുന്നോട്ടുപോവുകയായിരുന്നു. പാർലമെൻറിെൻറ സഹകരണം അതിൽ നിർണായകമായിരുന്നു. രാഷ്ട്രത്തോളം പോന്ന മനുഷ്യനായിരുന്നു ശൈഖ് സബാഹ്.
അദ്ദേഹത്തിെൻറ വിയോഗം തീർത്ത വേദനക്കിടയിലും സുഗമമായി അധികാര കൈമാറ്റം പൂർത്തിയാക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ടേം പൂർത്തിയാക്കുന്ന പാർലമെൻറ് അംഗങ്ങൾക്ക് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അഭിവാദ്യം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.