പാർലമെൻറ് തെരഞ്ഞെടുപ്പ്: 33 സ്ഥാനാർഥികൾക്ക് അയോഗ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ 33 പേർക്ക് അയോഗ്യത. 32 പേർ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ഒരാൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാലുമാണ് അയോഗ്യരാക്കപ്പെട്ടത്.
നേരത്തേ അമീറിനെ അപകീർത്തിപ്പെടുത്തിയതിനും അനധികൃതമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണ് അയോഗ്യരാക്കപ്പെട്ടവരിൽ ഏതാനും പേർ. ഒഴിവാക്കപ്പെട്ടവർക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ട്. അൻവർ അൽഫിൻ, ബദർ അൽ ദഹൂം, ഖാലിദ് അൽ മുതൈരി, ആയിദ് അൽ ഉതൈബി തുടങ്ങിയവർ പത്രിക തള്ളപ്പെട്ട പ്രമുഖരാണ്. അതിനിടെ നിരവധി പേരുടെ പത്രിക തള്ളിയതിനെതിരെ നിലവിലെ എം.പി ഉസാമ അൽ ഷാഹീൻ രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ദിവസം 30 വയസ്സാവണം, കുവൈത്ത് പൗരനാവണം, പിതാവ് കുവൈത്ത് പൗരനാവണം, അറബി എഴുതാനും വായിക്കാനും കഴിയണം, തെരഞ്ഞെടുപ്പ് സമയത്ത് രാജ്യനിവാസിയാവണം, ക്രിമിനൽ പശ്ചാത്തലം ഉണ്ടാവാൻ പാടില്ല എന്നീ നിബന്ധനകളാണ് കുവൈത്ത് പാർലമെൻറിലേക്ക് മത്സരിക്കാനുള്ള യോഗ്യത. ഇതിൽ ക്രിമിനൽ പശ്ചാത്തലം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരുടെയും പത്രിക തള്ളിയത്. പൊതുജന താൽപര്യാർഥമുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളെ ക്രിമിനൽ നടപടിയായി കണക്കാക്കാനാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.