പാർലമെൻറ് തെരഞ്ഞെടുപ്പ്: ഇന്നുകൂടി പത്രിക സമർപ്പിക്കാം; സ്പീക്കറും മുൻ മന്ത്രിമാരും സ്ഥാനാർഥികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ 33 വനിതകൾ ഉൾപ്പെടെ 364 പേരാണ് സ്ഥാനാർഥികളായി രംഗത്തുള്ളത്. ചൊവ്വാഴ്ച രണ്ട് വനിതകൾ ഉൾപ്പെടെ 14 പേർ പത്രിക നൽകി. ഇതുവരെ 332 പുരുഷന്മാരും 33 വനിതകളുമാണ് മത്സരിക്കാൻ മുന്നോട്ടുവന്നത്.
ഇതിൽ ഒരാൾ പത്രിക പിൻവലിച്ചു. കഴിഞ്ഞ പാർലമെൻറിൽ സ്പീക്കറായിരുന്ന മർസൂഖ് അൽഗാനിം, മുൻ പെട്രോളിയം മന്ത്രി അലി അൽ ഉമൈർ, മുൻ പൊതുമരാമത്ത് മന്ത്രി ഗദീർ അസീരി തുടങ്ങിയ പ്രമുഖർ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഏഴുദിവസം മുമ്പ് വരെ പിൻവലിക്കാം. ഒക്ടോബർ 26നാണ് പൊതുതെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയത്. ശുവൈഖിലെ ഖവാല ഗേൾസ് സ്കൂളിൽ താൽക്കാലികമായി സജ്ജീകരിച്ച ഇലക്ട്രിക്കൽ ഓഫിസിലാണ് നാമനിർദേശ പത്രിക സ്വീകരിക്കുന്നത്.
അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച 30 സ്ഥാനാർഥികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഇവരുടെ ഫയൽ ക്രിമിനൽ കോടതിക്ക് കൈമാറുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃതമായി നടത്തപ്പെട്ട സമാന്തര തെരഞ്ഞെപ്പിൽ പങ്കാളിയായെന്നാണ് ഇവർക്കെതിരായ കുറ്റം.
പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളെ നിർണയിക്കാൻ വിവിധ ഗോത്രവിഭാഗങ്ങളോ പ്രദേശത്തുകാരോ അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് നടത്താറുണ്ട്. ഇത് നിയമവിരുദ്ധമാണ്. കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഇവരുടെ സ്ഥാനാർഥിത്വം അസാധുവാകും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് തമ്പുകൾക്കും മറ്റും ഇത്തവണ അനുമതി നൽകിയിട്ടില്ല, ഡിസംബർ അഞ്ചിനാണ് പൊതുതെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.