പാർലമെൻറ് കൈയേറ്റം: പകുതിയിലേറെ പ്രതികൾ കീഴടങ്ങിയില്ല
text_fieldsകുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റ കേസിലെ പകുതിയിലേറെ പ്രതികൾ ഇനിയും കീഴടങ്ങിയില്ല. ജനുവരി 28നകം എൻഫോഴ്സ്മെൻറ് വകുപ്പിൽ കീഴടങ്ങണമെന്നാണ് അപ്പീൽ കോടതി പ്രതികൾക്ക് അന്ത്യശാസനം നൽകിയിട്ടുള്ളത്. ഇനി ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. ആകെയുള്ള 66 പ്രതികളിൽ 30 പേർ മാത്രമേ കീഴടങ്ങിയിട്ടുള്ളൂ. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽഅൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്ത് സിറ്റി: തൊഴിൽ-സാമൂഹികക്ഷേമകാര്യമന്ത്രി ഹിന്ദ് അൽ സബീഹിനെതിരായ കുറ്റവിചാരണയുടെ ചർച്ചയിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് തടവിലുള്ള എം.പിമാർ സ്പീക്കർക്ക് കത്ത് നൽകി. പാർലമെൻറ് കൈയേറ്റക്കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന ഡോ. വലീദ് അൽ തബ്തബാഇ, ഡോ. ജംആൻ അൽ ഹർബഷ് എന്നീ എം.പിമാരാണ് സ്പീക്കർ മർസൂഖ് അൽ ഗാനിമിന് കത്ത് നൽകിയത്.
സിറ്റിങ് എം.പിമാർ എന്ന നിലക്ക് അബ്ദുല്ല അൽ സാലിം ഹാളിൽ കുറ്റവിചാരണ പരിഗണിക്കുമ്പോൾ അതിനെ അനൂകൂലിച്ചോ എതിർത്തോ അഭിപ്രായം പ്രകടിപ്പിൽ തങ്ങളുടെ ബാധ്യതയാണെന്ന് എം.പിമാർ എഴുതി തയാറാക്കിയ കത്തിൽ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധികൾ എന്ന നിലക്ക് തങ്ങളുടെ കൂടി അഭിപ്രായം കേൾക്കാൻ സൗകര്യമൊരുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രമേയം ചർച്ചയാവുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകൾ എന്തായിരിക്കണമെന്നത് സംബന്ധിച്ച് അവതാരകരായ എം.പിമാർ കഴിഞ്ഞ ദിവസം ചർച്ച ചെയ്തു. മന്ത്രാലയത്തിലെ വകുപ്പുകളിൽ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി അൽ ഹുമൈദി അൽ സുബൈഇ, മുബാറക് അൽ ഹജ്റുഫ്, ഖാലിദ് അൽ ഉതൈബി എന്നിവരാണ് മന്ത്രിയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
പ്രതികളായ രണ്ട് മുൻ എം.പിമാർ അടുത്ത ദിവസം കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. മുൻ എം.പി. മുസല്ലം അൽ ബർറാക് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഫൈസൽ അൽ മുസ്ലിം, മുബാറക് അൽവഅ്ലാൻ എന്നിവരാണ് മുസല്ലം അൽ ബർറാകിന് പിന്നാലെ കീഴടങ്ങാനൊരുങ്ങുന്നത്. കേസിൽ സിറ്റിങ് എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, ഡോ. ജംആൻ അൽ ഹർബശ് എന്നിവർ സ്വയം കീഴടങ്ങി ഇപ്പോൾ ജയിലിൽ കഴിയുകയാണ്. അപ്പീൽ കോടതിവിധി വരുന്നതിന് മുമ്പുതന്നെ പാർലമെൻറ് കൈയേറ്റക്കേസിലെ 22 പ്രതികൾ രാജ്യത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ട്.
ഇതിൽ 18 പേർ ഇപ്പോഴും പുറത്താണ്. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ്, മുഹമ്മദ് അൽ മുതൈർ എന്നീ എം.പിമാരും മുൻ എം.പി മുസല്ലം അൽ ബർറാകും ഉൾപ്പെടെ 66 പ്രതികൾക്കാണ് നേരേത്ത അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവർക്ക് അഞ്ചുവർഷവും മുഹമ്മദ് അൽ മുതൈറിന് ഒരു വർഷവുമാണ് തടവുവിധിച്ചത്. മുസല്ലം അൽബർറാകിന് ഏഴ്വർഷം തടവ് വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒന്നുമുതൽ ഏഴുവർഷം വരെയാണ് തടവ്. ബലപ്രയോഗത്തിനും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിച്ചതിനും 28 പ്രതികൾക്ക് അഞ്ചുവർഷംവരെ കഠിന തടവും അക്രമപ്രവർത്തനത്തിലേർപ്പെട്ടതിന് 23 പേർക്ക് മൂന്നര വർഷം കഠിന തടവും വിധിച്ചു.
അഞ്ചുപേർക്ക് രണ്ടുവർഷവും 10 പ്രതികൾക്ക് ഒരുവർഷം വീതവും തടവ് ശിക്ഷ അനുഭവിക്കണം. രണ്ടുപേരെ വെറുതെ വിട്ടു. ഒരു പ്രതി ഇതിനകം മരിച്ചു. മൂന്ന് എം.പിമാരും എട്ട് മുൻ പാർലമെൻറ് അംഗങ്ങളുമുൾപ്പെടെ 70 സ്വദേശികളാണ് കേസിലെ പ്രതികൾ. 2011 നവംബർ16നാണ് പാർലമെൻറ് കൈയേറ്റമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.