കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു
text_fieldsകുവൈത്ത്സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ആഗസ്റ്റ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനവും വിമാനഗതാഗതത്തിൽ 28 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. 7,70,000 യാത്രക്കാര്‍ കുവൈത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എട്ടു ലക്ഷത്തിലേറെ യാത്രക്കാര്‍ രാജ്യത്തുനിന്നും പുറപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
1,59,000 യാത്രക്കാര്‍ ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. ഈ കാലയളവില്‍ 12,819 വിമാനങ്ങളാണ് കുവൈത്തിലേക്കും തിരികെയും സർവിസ് നടത്തിയത്.
വിമാന ചരക്കുഗതാഗതത്തിലും അഞ്ചു ശതമാനം വര്‍ധന രേഖപ്പെടുത്തി. അതിനിടെ വ്യോമയാന മേഖലയിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിന് ഏകീകൃത ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽ-റാജ്ഹി ആവശ്യപ്പെട്ടു.
ദുബൈയിൽ നടന്ന അറബ് ഗൾഫ് രാജ്യങ്ങളുടെ എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ 19ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത വ്യോമസഹകരണം കുവൈത്തിലെയും ഗൾഫ് മേഖലയിലെയും വ്യോമഗതാഗത മേഖലയുടെ വികസനത്തിന് ഏറെ സഹായകരമാകുമെന്ന് അൽ-റാജ്ഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.