മറ്റുള്ളവരെ ഉപദ്രവിച്ചല്ല ദേശസ്നേഹം പ്രകടിപ്പിക്കേണ്ടത് -പൊതുസുരക്ഷ മേധാവി
text_fieldsകുവൈത്ത് സിറ്റി: ദേശസ്നേഹം പ്രകടിപ്പിക്കേണ്ടത് മറ്റുള്ളവരെ ഉപദ്രവിച്ചോ പൊതുമുതൽ നശിപ്പിച്ചോ ആകരുതെന്ന് കുവൈത്ത് പൊതുസുരക്ഷ വിഭാഗം മേധാവി മേജർ ജനറൽ ഫറാജ് അൽ സൗബി പറഞ്ഞു. ദേശീയ, വിമോചന ദിനങ്ങളിലെ ചില അതിരുകടന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രതികരണം. ദേശീയ പതാകയെയോ സൗഹൃദരാജ്യത്തിെൻറ പതാകയെയോ അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്‌താൽ മൂന്നു വർഷം തടവും 250 ദീനാർ വരെ പിഴയും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷഭാഗമായി സ്വദേശി യുവതി വളർത്തുമൃഗത്തെ ദേശീയപതാക പുതപ്പിച്ച സംഭവം വിവാദമായിരുന്നു. അതിരുകടന്ന പെരുമാറ്റം എന്നാണ് പൊതുസുരക്ഷ വിഭാഗം മേധാവി സംഭവത്തെ വിശേഷിപ്പിച്ചത്.
ആളുകളുടെ നേർക്ക് വെള്ളം ചീറ്റുന്നതും വാട്ടർ ബലൂണുകൾ എറിയുന്നതും അച്ചടക്കമില്ലാത്ത നടപടിയാണ്. തർക്കങ്ങൾക്ക് കാരണമാകുന്നതും ആഘോഷങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഈ രീതി ഒഴിവാക്കാൻ രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. ദേശസ്നേഹം പ്രകടിപ്പിക്കുന്നത് വെള്ളം ചീറ്റിയോ പൊതുമുതൽ നശിപ്പിച്ചോ മറ്റുള്ളവരെ ആക്രമിച്ചോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലം പാഴാക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കാമ്പയിൻ നടത്തിയിരുന്നെങ്കിലും ഇക്കുറിയും ആഘോഷങ്ങളുടെ ഭാഗമായി വാട്ടർ ബലൂണുകളും കളിത്തോക്കുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പലയിടങ്ങളിലും ആഘോഷത്തിനിടെ വഴക്കുകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കണ്ണിന് പരിക്കേറ്റ നിരവധി സംഭവങ്ങളും ദേശീയദിനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.