ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക- പി.സി.എഫ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ വിശ്വാസികൾ ഇടതു മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് കുവൈത്ത് പി.സി.എഫ് സെൻട്രൽ കമ്മിറ്റി അഭ്യർഥിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബി.ജെ.പി. ഭരണത്തില്‍ തകര്‍ന്നിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോർപറേറ്റുകള്‍ക്ക് തീറെഴുതുന്നു.
ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാഷിസ്റ്റുവത്കരിക്കപ്പെടുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഗണിക്കാതെ വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ പ്രചരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി ജനതയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഫാഷിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്നും പി.സി.എഫ് കമ്മിറ്റി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിനായി പി.സി.എഫ് രംഗത്തിറങ്ങുമെന്നും വ്യക്തമാക്കി. യോഗത്തിൽ റഹിം ആരിക്കാടി അധ്യക്ഷത വഹിച്ചു. ഷുക്കൂർ അഹമ്മദ്, സലിം തിരൂർ, ഫസലുദീൻ പുനലൂർ, വഹാബ് ചുണ്ട, സജ്ജാദ്, സലാം, അയ്യുബ് എന്നിവർ സംസാരിച്ചു. ഇഖ്ബാൽ സ്വാഗതവും സിദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.