കുവൈത്തിൽ വരുന്നവർക്ക് വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന സൗജന്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാർക്കും സൗജന്യമായി പി.സി.ആർ പരിശോധന നടത്തും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് എല്ലാവർക്കും പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചത്.
ചെലവ് ആരോഗ്യ മന്ത്രാലയം വഹിക്കും. വിമാനത്താവളത്തിലെ മെഡിക്കൽ, ടെക്നിക്കൽ ടീം സജ്ജമാണ്. നേരത്തെ ഒാരോ വിമാനങ്ങളിലെയും പത്തുശതമാനം യാത്രക്കാർക്ക് റാൻഡം അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയിരുന്നത്. വൈറസ് വകഭേദം രാജ്യത്ത് എത്താതിരിക്കാൻ ഇത് എല്ലാ യാത്രക്കാർക്കും ആക്കുകയാണ്. ബുധനാഴ്ച മുതൽ ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾ കുവൈത്തിലേക്ക് വരുന്നത് വിലക്കിയിരിക്കുകയാണ്. യാത്രക്കാർ കുവൈത്തിലേക്ക് വരുന്നതിന് മുമ്പ് നടത്തുന്ന പി.സി.ആർ പരിശോധന ഒഴിവാക്കിയിട്ടില്ല.
ഇത് നിർബന്ധമാണ്. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുവാദമില്ല. ഇവർ വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്ച താമസിച്ച് കുവൈത്തിലേക്ക് വരുന്നതിന് മുമ്പ് 96 മണിക്കൂർ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തനാണെന്ന് ഉറപ്പാക്കിയേ കുവൈത്തിലേക്ക് വരാവൂ. ഇവർക്കും കുവൈത്തിലെത്തിയാൽ കോവിഡ് പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റിവ് ആയാലും ക്വാറൻറീൻ വ്യവസ്ഥകൾ പാലിച്ചേ മതിയാവൂ. കുവൈത്തിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറൻറീൻ അനുഷ്ഠിക്കണം.
കുവൈത്തിലേക്ക് വരുന്നവർ ശ്ലോനിക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. ഡിസംബർ 21 തിങ്കളാഴ്ച രാത്രി 11 മുതലാണ് കുവൈത്ത് വിമാനത്താവളത്തിൽ യാത്രാവിമാന സർവിസ് നിർത്തിവെച്ചത്. ജനുവരി രണ്ടുമുതലാണ് പുനരാരംഭിച്ചത്. ഇന്ത്യ, അർമേനിയ, ബംഗ്ലാദേശ്, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ഡൊമിനിക് റിപ്പബ്ലിക്, ഇൗജിപ്ത്, ഇന്തൊനേഷ്യ, ഇറാൻ, ഇറാഖ്, ഇറ്റലി, ഹോേങ്കാങ്, ഹംഗറി, ലെബനാൻ, മെക്സികോ, മൊൽഡോവ, മോണ്ടിനെഗ്രോ, നേപ്പാൾ, വടക്കൻ മാസിഡോണിയ, പാകിസ്താൻ, പനാമ, പെറു, ഫിലിപ്പീൻസ്, സെർബിയ, സ്പെയിൻ, ശ്രീലങ്ക, സിറിയ, െയമൻ, ബ്രിട്ടൻ, അർജൻറീന, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.