നാടിെൻറ മുത്താണവർ
text_fieldsകുവൈത്ത് സിറ്റി: സാധാരണ നിശ്ശബ്ദതയിൽ മുങ്ങിനിൽക്കുന്ന ഖൈറാൻ ദ്വീപിന് കഴിഞ്ഞ ഒരാഴ്ച ആഘോഷത്തിേൻറതായിരുന്നു. പാരമ്പര്യത്തിെൻറ പൊലിമയിലേക്ക് ഉൗളിയിട്ടിറങ്ങി പൈതൃകമുറങ്ങുന്ന മുത്തുകളുമായി കരക്കുകയറിയ നാടിെൻറ മുത്തുകൾ ഖൈറാൻ കരയിൽ ഉത്സവപ്രതീതി തീർത്ത ദിനരാത്രങ്ങളാണ് കടന്നുപോയത്. 30ാമത് മുത്തുവാരൽ ഉത്സവത്തിന് സമാപനംകുറിച്ച് വ്യാഴാഴ്ച സംഘം കരക്കണയും. ജൂലൈ 19ന് വിടനൽകിയ അതേ സാൽമിയ തീരത്ത് വ്യാഴാഴ്ച വീരന്മാരെ കാത്ത് ബന്ധുമിത്രാദികളും നാട്ടുകാരും ഒരുമിച്ചുകൂടും. കുവൈത്ത് സീ സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ വർഷംതോറും നടക്കുന്ന ഉത്സവത്തിന് തിരശ്ശീല വീഴുന്നതോടെ മുങ്ങിയെടുത്ത മുത്തുകൾ രാജ്യത്തിെൻറ ഭരണാധികാരി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിക്കും.
അമീറിെൻറ പ്രതിനിധിയാണ് മുത്തുശേഖരം ഏറ്റുവാങ്ങാൻ തീരത്തെത്തുക. ഉത്സവത്തിന് തുടക്കംകുറിച്ച് കഴിഞ്ഞ വ്യാഴാഴ്ച സാൽമിയ തീരത്തുനിന്ന് 13 പായക്കപ്പലുകളിലേറി പുറപ്പെട്ട 175 പേരടങ്ങുന്ന സംഘം തമ്പടിച്ചത് ഖൈറാൻ ദ്വീപിലാണ്. പകൽ കടലിെൻറ അഗാധതയിലേക്ക് മുത്തുതേടി ഉൗളിയിട്ട സംഘാംഗങ്ങൾ സന്ധ്യയോടെ കരക്കുകയറി രാത്രിയാണ് ചിപ്പികൾ തുറന്നതും മുത്തുകൾ വേർതിരിച്ചതും.
പിന്നീട് നാടൻപാട്ടുകളും നൃത്തച്ചുവടുകളുമായി രാവേറെ ചെല്ലുവോളം ആടിത്തിമിർക്കുകയായിരുന്നു സംഘാംഗങ്ങൾ. ഇല്ലായ്മകളുടെ ഈ മരുഭൂമിയിൽ പൂർവികർ അതിജീവനത്തിനായി തരണം ചെയ്ത വെല്ലുവിളികൾ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു പുതുതലമുറ. കടലിെൻറയും കാലാവസ്ഥയുടെ കാഠിന്യത്തെയും തരണം ചെയ്യാൻ മാത്രമുള്ള മനക്കരുത്തും മെയ്ബലവും ഇവർക്ക് ലഭിക്കുന്നത് പാരമ്പര്യത്തെ തിരിച്ചറിയുന്നതിെൻറ സന്തോഷത്തിൽനിന്നാണ്.
സന്ധ്യയോടെ ഖൈറാൻ തീരത്ത് മുത്തുകളുമായി മുത്തമിട്ട പായ്ക്കപ്പലുകൾ ദ്വീപിെൻറ തീരത്തേക്ക് വടംകെട്ടി വലിച്ചുകയറ്റാൻ കൗമാരക്കാർ തൊട്ട് പ്രായമേറിയവർ വരെ ഒരേ ഉത്സാഹത്തോടെ ഒത്തുകൂടി. കരക്കുകയറിയവരെ പാട്ടുപാടി സ്വീകരിച്ചശേഷം എല്ലാവരും ചിപ്പികളുമായി വട്ടംകൂടിയിരുന്നു. ഓരോ ചിപ്പിയും തുറക്കുമ്പോൾ എല്ലാവരുടെ മുഖത്തും നിഴലിട്ടത് ആകാംക്ഷയായിരുന്നു.
സംഘാംഗങ്ങൾ കരുതലോടെ ഓരോ ചിപ്പിയും തുറക്കുമ്പോൾ മുത്തിെൻറ വെട്ടം കൂടിനിന്നവരുടെ മുഖത്തേക്കും പടർന്നു. ചില ചിപ്പികൾക്കുള്ളിൽ ശൂന്യത കളിയാടിയപ്പോഴും അടുത്ത ചിപ്പികളിലെ മുത്തുതിളക്കം ആവേശം പകർന്നു. ആവേശം ആരവത്തിന് വഴിമാറി. പിന്നാലെ ബൈത്തുകളെത്തി.
അവക്ക് ചുവടൊപ്പിച്ച് നൃത്തമേളങ്ങളും പാരമ്പര്യ വാദ്യോപകരണങ്ങളും. രാവേറെ ചെല്ലുവോളം തുടർന്ന ആഘോഷങ്ങൾക്കുശേഷം പിറ്റേന്ന് പകൽ വീണ്ടും മുത്തുകൾ തേടി കടലിെൻറ അഗാധതയിലേക്ക്. ഏഴുദിവസം നീണ്ട ഈ പതിവിനുശേഷം ക്ഷീണിതരെങ്കിലും ആവേശഭരിതരായാണ് സംഘം തീരമണയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.