റെസിഡൻസി റദ്ദായവരുടെ വാഹനം ഉപയോഗിച്ചാൽ പിഴ
text_fieldsകുവൈത്ത് സിറ്റി: താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിലുള്ള വാഹനം ഉപയോഗിക്കുംമുമ്പ് നിയമനടപടികൾ പൂർത്തിയാക്കണം. അല്ലാത്തപക്ഷം പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സമിതിയുടെ അന്വേഷണത്തിലാണ് ഇവ തെളിഞ്ഞത്.
റെസിഡൻസി റദ്ദാക്കപ്പെട്ടതോ മരിച്ചതോ ആയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനം മറ്റുള്ളവർ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ കൈവശംവെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന എല്ലാവരും നിയമപരമായ നടപടികൾ പൂർത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും റദ്ദാക്കുന്നതിനും പുതുക്കുന്നതിനും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനെ സമീപിക്കണം. ഔദ്യോഗിക അധികാരപത്രം അനുസരിച്ച് നടപടിക്രമം പൂർത്തിയാക്കണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇവ നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി പൊതു ലേലത്തിൽ വിൽക്കുമെന്നും അറിയിച്ചു. ഡ്രൈവിങ് പെർമിറ്റ്, ഇൻഷുറൻസ്, മറ്റു രേഖകൾ എന്നിവ ഇല്ലാതെയോ റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിടിക്കപ്പെട്ടാലും ഡ്രൈവർക്കെതിരെ കേസും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.