അപ്പോയന്റ്മെന്റില്ലാതെ ബൂസ്റ്റർ ഡോസ് 50 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം
text_fieldsകുവൈത്ത് സിറ്റി: മിശ്രിഫ് ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെ വാക്സിനേഷൻ സെന്റർ, ശൈഖ് ജാബിർ ബ്രിഡ്ജ് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ, ജലീബ് അൽ ശുയൂഖ് യൂത്ത് സെന്റർ എന്നിവിടങ്ങളിൽ അപ്പോയന്റ്മെന്റില്ലാതെ ബൂസ്റ്റർ ഡോസ് നൽകുന്നത് 50 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാക്കി.
50 വയസ്സിൽ താഴെയുള്ളവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപ്പോയന്റ്മെന്റ് എടുക്കാം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ബൂസ്റ്റർ എടുക്കാൻ 50 വയസ്സിന് മുകളിലുള്ളവരും മുൻകൂട്ടി അപ്പോയന്റ്മെന്റ് എടുക്കേണ്ടതുണ്ട്.
തിരക്ക് വർധിച്ചതിനെ തുടർന്നാണ് നേരിട്ടെത്തി മൂന്നാം ഡോസ് എടുക്കാനുള്ള സൗകര്യം പരിമിതപ്പെടുത്തിയത്. ഒരാഴ്ചക്കിടെ ഒന്നര ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് എടുത്തു. ഇതുവരെ അഞ്ചുലക്ഷത്തോളം പേർ സ്വീകരിച്ചുകഴിഞ്ഞു.
യാത്രാനിയന്ത്രണങ്ങൾ പ്രാബല്യത്തിലായതോടെയാണ് കൂടുതൽ ആളുകൾ മുന്നോട്ടുവന്നത്.
കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കുകയും വിവിധ രാജ്യങ്ങളിലെ ഒമിക്രോൺ വ്യാപനവുമാണ് ശക്തമായ നടപടികൾക്ക് അധികൃതരെ പ്രേരിപ്പിച്ചത്.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്നും വലിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 982 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആക്റ്റീവ് കോവിഡ് കേസുകൾ 4773 ആയി . 171 പേർക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഗുരുതരാവസ്ഥയും മരണനിരക്കും കുറവായത് ആശ്വാസകരമാണ്. വൈറസ് വ്യാപനശേഷി കൂടുതലാണെങ്കിലും മാരകമല്ല എന്നാണ് സമീപ ദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.