പലവഴികളിൽനിന്നെത്തി ഒരേ ലക്ഷ്യത്തിൽ ഒന്നിച്ചവർ...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാഗമാകുമെന്നോ, തങ്ങളുടെ കൈയൊപ്പോടെ ഒരു ഉപഗ്രഹം സാധ്യമാകുമെന്നോ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു കുവൈത്ത് സാറ്റ്-1ന് പിന്നിൽ പ്രവർത്തിച്ച പലരും. എന്നാൽ, ആ പദ്ധതിയിലേക്ക് ചെന്നെത്തിയപ്പോൾ അവർ മറ്റെല്ലാം മറന്ന് കഠിന പ്രയത്നത്തിൽ ഏർപ്പെട്ടു. അതിന് ഫലവുമുണ്ടായി. കുവൈത്തിന്റെ നക്ഷത്രങ്ങളിലേക്കുള്ള യാത്രക്ക് തുടക്കമായിരിക്കുന്നു.
കുവൈത്ത് സാറ്റ്-1 ന്റെ അഡ്മിനിസ്ട്രേറ്റിവ് ടീം തലവനായ അലി അൽ ദാംഖി പദ്ധതിയിലേക്ക് വന്നെത്തിയതിനുപിന്നിൽ ഒരു കഥയുണ്ട്. ഒരു ദിവസം യൂനിവേഴ്സിറ്റിയുടെ (കെ.യു) ഖൽദിയ കാമ്പസിൽ ഫിസിക്സ് വിഭാഗത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ജിയോളജി ഡിപ്പാർട്മെന്റിലേക്ക് പോവുകയായിരുന്നു അദ്ദേഹം. അതിനിടെ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ (കെ.എഫ്.എ.എസ്) പർപ്പിൾ നിറത്തിലുള്ള ഒരു പരസ്യം ശ്രദ്ധയിൽപെട്ടു. ‘സ്പേസിൽ’ താൽപര്യമുള്ളവരെ കെ.എഫ്.എ.എസ് പരിശീലനത്തിന് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്.
ആ പരസ്യം അദ്ദേഹത്തിന്റെ മനസ്സിൽ കൊളുത്തിപ്പിടിച്ചു. പിന്നീട് ഇൻസ്റ്റഗ്രാമിൽ വീണ്ടും പരസ്യം കണ്ടു. ഇതോടെ ഈ ദൗത്യത്തിൽ ചേരാൻ അപേക്ഷിച്ചു. അഭിമുഖത്തിനുശേഷം പദ്ധതിയുടെ ഭാഗമായി. മെക്കാനിക്കൽ എൻജിനീയറായ സാറാ ഇസ്കന്ദർ കോളജിലെ പ്രഫസർ വഴിയാണ് പ്രോജക്ടിനെക്കുറിച്ച് അറിഞ്ഞത്. പഠനത്തിൽനിന്ന് ശ്രദ്ധ വ്യതിചലിക്കുമോ എന്നുഭയന്ന് പദ്ധതിയിൽ ചേരാൻ മടിച്ചുനിന്ന സാറാ ബിരുദം നേടി വൈകാതെ പ്രോജക്ടിന്റെ ഭാഗമായി. മറ്റു ജോലിക്കായുള്ള സാറയുടെ ശ്രമങ്ങളെയും ബിരുദാനന്തര പഠനത്തെയും ഇത് ബാധിച്ചേക്കുമെന്ന് മാതാപിതാക്കൾ ആശങ്കപ്പെട്ടെങ്കിലും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനോട് അടുത്തെത്തിയതോടെ അഭിമാനം കൊള്ളുന്നു.
ഒരു ദിവസം ഓഷ്യനോളജി വിദ്യാർഥിനി, അൽ ലെൻകാവി കോളജിൽ ചുറ്റിക്കറങ്ങുകയായിരുന്നു. പർപ്പിൾ നിറത്തിലുള്ള ബഹിരാകാശ പദ്ധതി പരസ്യം ലെൻകാവിയും കണ്ടു. താൽപര്യം തോന്നിയതിനാൽ വൈകാതെ പദ്ധതിയുടെ ഭാഗമായി. ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ അയക്കുന്ന പാരിസ്ഥിതിക ഡേറ്റ വിശകലനം ചെയ്യലാണ് അൽ ലെൻകാവിയുടെ ചുമതല.
ഫോട്ടോഗ്രഫി തൽപരനും സന്നദ്ധ പ്രവർത്തകനുമായ അൽ ഖാതേമിനെയാണ് സോഷ്യൽ മീഡിയയിലൂടെ പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട ഫോട്ടോകൾ എടുക്കുന്നതിനും ചുമതലപ്പെടുത്തിയത്. ശാസ്ത്രത്തിൽനിന്ന് മാധ്യമ പഠനത്തിലേക്ക് മാറിയതായിരുന്നു അൽ ഖാതേമി.
എന്നാൽ, പുതിയ പ്രോജക്ടിലൂടെ അദ്ദേഹം വീണ്ടും ശാസ്ത്രത്തിലേക്ക് മടങ്ങി. മെക്കാനിക്കൽ എൻജിനീയർമാരായ ദാന അൽ ഒതൈബിക്കും മഹാ അൽ ഖർജിക്കുമൊക്കെ പദ്ധതിയുടെ ഭാഗമായതിന്റെ വ്യത്യസ്ത കഥകൾ പറയാനുണ്ട്. ചിലരിൽ മാത്രം ഒതുങ്ങിനിൽക്കാത്ത കഥകൾ. കുവൈത്ത് സാറ്റി-1 പിന്നിലെ ആ കഥകൾ പുസ്തകമാക്കിയാൽ നിരവധി വാല്യങ്ങൾ വേണ്ടിവരും. അത്രമേൽ സംഭവബഹുലമാണത്.
മന്ത്രിസഭയുടെ പ്രശംസ
കുവൈത്ത് സിറ്റി: കുവൈത്ത് സാറ്റ്-1 പദ്ധതിക്കുപിന്നിൽ പ്രവർത്തിച്ചവർക്ക് മന്ത്രിസഭയുടെ പ്രശംസ. കുവൈത്തിന്റെ ബഹിരാകാശ പരിശ്രമങ്ങളിലെ സുപ്രധാന ഘട്ടമാണിത്. ഭാവിയിൽ കുവൈത്ത് ബഹിരാകാശ പ്രവർത്തനങ്ങളുടെ നട്ടെല്ലായി ഇത് മാറും. കൃത്യമായ ആസൂത്രണത്തിലൂടെയും മികച്ച കാഴ്ചപ്പാടിലൂടെയുമാണ് കുവൈത്ത് സാറ്റ്-1 രൂപപ്പെടുത്തിയതെന്നും കാബിനറ്റ് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ഹമദ് അൽ അദാനി കുവൈത്ത് സാറ്റ്- 1 വിക്ഷേപണത്തെക്കുറിച്ച് കാബിനറ്റിൽ വിശദീകരിച്ചു. കുവൈത്ത് സർവ്വകലാശാലയിലെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കെ.സി.എസ്.ടി) ശാസ്ത്ര വിഭാഗങ്ങൾ തയാറാക്കിയ പദ്ധതിക്ക് മൂന്നുവർഷത്തെ കഠിനാധ്വാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കുപിന്നിൽ പ്രവർത്തിച്ച 45 അംഗ സംഘത്തെയും മന്ത്രി പരിചയപ്പെടുത്തി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന പ്രതിവാര യോഗത്തിൽ, പൊതുവിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ, ആരോഗ്യ, യുവജന സമിതിയുടെ ശിപാർശയും ചർച്ച ചെയ്തു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ വിദ്യാഭ്യാസ മന്ത്രിയെയും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മഞ്ഞുവീഴ്ചയിൽ യു.എസിനോട് കുവൈത്തിന്റെ അനുഭാവം മന്ത്രിസഭ പ്രകടിപ്പിച്ചു. വടക്കുകിഴക്കൻ ഈജിപ്തിലെ ഇസ്മയിലിയ ഗവർണറേറ്റിലെ സുരക്ഷാ ചെക്ക് പോയന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭ അപലപിച്ചു. എല്ലാത്തരം അക്രമങ്ങൾക്കും ഭീകരതക്കും എതിരെയാണ് കുവൈത്തിന്റെ നിലപാടെന്ന് മന്ത്രിസഭ അടിവരയിട്ടു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രിസഭ സംഭവത്തിൽ ഈജിപ്തിന് പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.