സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലികൾക്ക് അനുമതി
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു പാർട്ട് ടൈം ജോലിക്കും വീട്ടിലിരുന്ന് വിദൂരമായി ജോലി ചെയ്യാനും അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ജനുവരി ആദ്യം മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ യഥാർഥ സ്പോൺസർമാരല്ലാത്ത തൊഴിലുടമകളുമായി പാർട്ട് ടൈം ജോലികളിൽ ഏർപ്പെടാനാകും.
തൊഴിലാളികൾ മറ്റൊരു കമ്പനിയിൽ പാർട്ട് ടൈം ജോലി തേടുന്നതിന് തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങണം. പാർട്ട് ടൈം ജോലി ഒരു ദിവസം പരമാവധി നാല് മണിക്കൂർ ആയിരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. എന്നാൽ, കരാർ മേഖലയെ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
സ്വകാര്യ മേഖലയിൽ വിദൂര ജോലികൾ അനുവദിക്കുന്നതിനും ഇതിനായുള്ള നടപടിക്രമങ്ങളുടെ ചട്ടങ്ങൾ തയാറാക്കുന്നതിനും ആഭ്യന്തര മന്ത്രി പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവറിന് നിർദേശം നൽകി. ഓഫിസിൽ എത്താതെ വീട്ടിൽ ഇരുന്ന് പാർട്ട് ടൈം ജോലികൾ ചെയ്യാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്നതാണ് പുതിയ തീരുമാനം.
വിദേശത്തുനിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവിൽ രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ കമ്പനികളെ അനുവദിക്കുന്നതാണ് തീരുമാനം. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ എന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.