അമ്യൂസ്മെൻറ് പാർക്കുകൾക്ക് അടുത്തമാസം പ്രവർത്തന അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അമ്യൂസ്മെൻറ് പാർക്കുകൾക്കും കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾക്കും അടുത്തമാസം പ്രവർത്തനാനുമതി നൽകും. ഒന്നര വർഷമായി ഇവ അടഞ്ഞുകിടക്കുകയാണ്.
പ്രവർത്തനം ആരംഭിക്കുംമുമ്പ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ആരോഗ്യ സുരക്ഷ സജ്ജീകരണങ്ങൾ വിലയിരുത്തും. പ്രവർത്തന ശേഷിയുടെ 50 ശതമാനം മാത്രമേ ആദ്യഘട്ടത്തിൽ അനുവദിക്കൂ. ഒാൺലൈൻ അപ്പോയിൻമെൻറിലൂടെ പ്രവേശനം നിയന്ത്രിക്കും.
മറ്റു ബിസിനസ് മേഖലകളെ പോലെ വിനോദ വ്യവസായവും കോവിഡ് പ്രതിസന്ധിയിൽ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വലിയ സാമ്പത്തിക പിൻബലമില്ലാതിരുന്ന ചെറിയ സംരംഭങ്ങളാണ് ഏറെ പ്രയാസപ്പെട്ടത്. ഇൗ മേഖലയിൽ ജോലിയെടുത്ത മലയാളികൾ ഉൾപ്പെടെ വിദേശികളും പ്രതിസന്ധിയിലായി. മിക്കവാറും പേർ നിർബന്ധിത അവധിയെടുത്തു. ചിലർക്ക് ജോലി നഷ്ടമായി. ചെറുകിട സംരംഭങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ശേഷിയുള്ള കുവൈത്തികളും കമ്പനികളുമാണ് വിനോദ വ്യവസായത്തിെൻറ ഉടമകൾ എന്നതിനാൽ പിടിച്ചുനിന്നു.
കർഫ്യൂവും കോവിഡ് പ്രതിസന്ധിയും അവസാനിച്ച് എല്ലാം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിർത്തിയത്. ചിലതെല്ലാം പൊതുമേഖലയിലുള്ളതാണ്. ഇവക്ക് പ്രശ്നമില്ല. തുറക്കുംമുമ്പ് അറ്റകുറ്റപ്പണിക്കായി വീണ്ടും നല്ലൊരു തുക മുടക്കേണ്ടി വരും.
രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിഞ്ഞതിെൻറയും വാക്സിനേഷൻ വേഗം പുരോഗമിക്കുന്നതിെൻറയും ആത്മവിശ്വാസത്തിലാണ് കുവൈത്ത് നിയന്ത്രണങ്ങൾ കുറച്ച് സാധാരണ ജീവിതത്തിലേക്ക് ഒരു പടികൂടി അടുക്കാൻ ആലോചിക്കുന്നത്.
അടച്ചിട്ട ജീവിതം കുട്ടികൾക്ക് കനത്ത മാനസികസമ്മർദം ഏൽപിച്ചതായാണ് വിലയിരുത്തൽ. വിനോദ വ്യവസായങ്ങൾ തുറക്കുന്നതോടെ അതിനു കൂടിയാണ് അയവുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.