പെട്രോൾ നിരക്ക് വർധിപ്പിച്ച നടപടി നിയമാനുസൃതമെന്ന് അപ്പീൽ കോടതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പെട്രോൾ നിരക്ക് വർധിപ്പിച്ച നടപടി നിയമാനുസൃതമെന്ന് അപ്പീൽ കോടതി. വിലവർധന സ്റ്റേ ചെയ്ത കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹരജിയിൽ വിധി പറയുമ്പോഴാണ് തീരുമാനം നിയമാനുസൃതമാണെന്ന് അപ്പീൽ കോടതി വിലയിരുത്തിയത്. നടപടി ഭരണഘടന വിരുദ്ധമെന്ന അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ വിലയിരുത്തൽ അപ്പീൽ ബെഞ്ച് നിരാകരിച്ചു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ പെട്രോൾ വില വർധിപ്പിച്ചതെന്നു വിലയിരുത്തിയായിരുന്നു അഡ്മിനിസ്ട്രേറ്റിവ് കോടതി സെപ്റ്റംബറിൽ വിധി പ്രസ്താവിച്ചത്.
െഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാതെയാണ് വിലവർധന നടപ്പാക്കിയതെന്നും പാര്‍ലമെൻറ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ വില വര്‍ധിപ്പിച്ച നടപടിക്ക് നിയമസാധുതയില്ലെന്നും ഹരജിക്കാരായ അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഹരജിക്കാരുടെ വാദം അംഗീകരിച്ച് നിരക്ക് വർധന സ്റ്റേ ചെയ്ത അഡ്‌മിനിസ്‌ട്രേറ്റിവ് കോടതിവിധിക്കെതിരെ അപ്പീൽ കോടതിയിൽ സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ഞായറാഴ്ച അപ്പീൽ കോടതി വിധി പറഞ്ഞത്. പെട്രോൾ വില വർധിപ്പിച്ച തീരുമാനം മന്ത്രിസഭ ഏകപക്ഷീയമായി എടുത്തതല്ലെന്നും പാർലമെൻറ് കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കുകയാണുണ്ടായതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ച കോടതി തീരുമാനം നിയമാനുസൃതവും ഭരണഘടനയുമായി യോജിച്ചുപോകുന്നതാണെന്നും വിലയിരുത്തി. അഡ്മിനിട്രേറ്റിവ് കോടതിയുടെ സ്റ്റേ ഉത്തരവ് റദ്ദാക്കുകയും നിരക്ക് വർധനയുമായി മുന്നോട്ടുപോകാമെന്ന് സർക്കാറിന് നിർദേശം നൽകുകയും ചെയ്തു.
അതേസമയം അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം തുടരുമെന്ന് വിലവർധനക്കെതിരെ ഹരജി നൽകിയ അഭിഭാഷകർ പ്രതികരിച്ചു. സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബർ ഒന്ന് മുതലാണ് രാജ്യത്ത് പെട്രോൾ നിരക്കിൽ 40 മുതൽ 83 ശതമാനം വരെ വർധന നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.