ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറിന് ഫിലിപ്പീൻസ് നിബന്ധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫിലിപ്പീൻസ് സർക്കാർ ബാങ്ക് ഗ്യാരണ്ടി നിബന്ധന ഏർപ്പെടുത്തിയതായി സൂചന.
കുവൈത്തും ഫിലിപ്പീൻസും തമ്മിലുണ്ടാക്കിയ തൊഴിൽ കരാറിൽനിന്ന് വിഭിന്നമായി ഫിലിപ്പീൻസ് പുതിയ നിബന്ധന ഏർപ്പെടുത്തിയത് റിക്രൂട്ടിങ് ഓഫിസുകൾക്ക് തലവേദന സൃഷിടിക്കുന്നതായി ഡൊമസ്റ്റിക് ലേബർ ഓഫിസ് ഓണേഴ്സ് യൂനിയൻ ആരോപിച്ചു. ഫിലിപ്പീൻസിൽനിന്ന് ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യണമെങ്കിൽ ഓരോ തൊഴിലാളിക്കും 10,000 ഡോളർ എന്ന തോതിൽ ഫിലിപ്പീൻസിലെ ഏതെങ്കിലും ലോക്കൽ ബാങ്കിൽ ഗ്യാരണ്ടി നൽകണമെന്നാണ് കുവൈത്തിലെ റിക്രൂട്ടിങ് ഓഫിസുകൾക്കു ലഭിച്ച നിർദേശം.
ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ രണ്ടു മാസം മുമ്പ് ഉണ്ടാക്കിയ കരാറിൽ ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ പറയുന്നില്ലെന്നും കരാർ പ്രാബല്യത്തിലായതായി കാണിച്ചു ഫിലിപ്പീൻസ് ഇറക്കിയ എക്സിക്യൂട്ടിവ് ഓർഡറിൽ ആണ് ബാങ്ക് ഗ്യാരണ്ടി നിർദേശം കൂട്ടിച്ചേർത്തിട്ടുള്ളതെന്നും ഡൊമസ്റ്റിക് ലേബർ ഓഫിസ് യൂനിയൻ ചെയർമാൻ ഖാലിദ് അൽ ദഖാൻ പറഞ്ഞു.
കരാർ കാലാവധിക്ക് മുമ്പ് തൊഴിലാളി തിരിച്ചുപോകുന്ന സാഹചര്യമുണ്ടായാൽ ശമ്പള കുടിശ്ശിക ഉൾപ്പെടെ ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തുന്നതെന്നാണ് വിശദീകരണം. ഏതെങ്കിലും ഓഫിസിനെതിരെ ആവർത്തിച്ചുള്ള പരാതികൾ ഉണ്ടെങ്കിൽ ഗ്യാരണ്ടി തുക 50,000 ഡോളർ വരെ ഉയരുമെന്നും ഉത്തരവിലുള്ളതായി ഖാലിദ് അൽ ദഖാൻ പറഞ്ഞു.
ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ മേയിലാണ് കുവൈത്തും ഫിലിപ്പീൻസും തമ്മിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ടിങ് കരാർ ഒപ്പിട്ടത്.
കുവൈത്തിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസ്തൊഴിലാളികൾക്ക് അനുകൂലമായ ഒട്ടനവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതായിരുന്നു കരാർ.
എട്ടുമണിക്കൂർ വിശ്രമം അനുവദിക്കണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങി ഫിലിപ്പീൻസ് മുന്നോട്ടു വെച്ച മിക്ക വ്യവസ്ഥകളും കുവൈത്ത് അംഗീകരിച്ചിരുന്നു.
നേരത്തെ വനിത ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 750 ഡോളർ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് ഇന്ത്യൻ എംബസി നിബന്ധന വെച്ചിരുന്നു. കുവൈത്ത് അധികൃതരുടെ എതിർപ്പിനെ തുടർന്ന് പിന്നീട് തീരുമാനം എടുത്തുമാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.