കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് പൂർണമായി നിർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് പൂർണമായി അവസാനിപ്പിച്ച് ഫിലിപ്പീൻസ് തൊഴിൽകാര്യവകുപ്പ് ഉത്തരവിറക്കി. തൊഴിൽകാര്യവകുപ്പ് സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്. ഗാർഹികതൊഴിലാളികളായി മാത്രമല്ല, തൊഴിൽവിസയിലും ഇനി കുവൈത്തിലേക്ക് ആളെ അയക്കേണ്ടെന്നാണ് ഫിലിപ്പീൻസിെൻറ തീരുമാനം.
മറ്റുരാജ്യങ്ങളിൽ തൊഴിൽ കണ്ടെത്താൻ സർക്കാറിെൻറ നേതൃത്വത്തിൽ ദേശീയ പുനരുദ്ധാരണ പദ്ധതി തയാറാക്കും. രാജ്യത്തിെൻറയും പൗരന്മാരുടെയും താൽപര്യം മുൻനിർത്തി പ്രസിഡൻറിെൻറ നിർദേശം മാനിച്ചാണ് ഉത്തരവ് ഇറക്കിയതെന്ന് സിൽവസ്റ്റർ ബെല്ലോ കൂട്ടിച്ചേർത്തു. നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീേനാകളെ നിർബന്ധിച്ച് മടക്കിക്കൊണ്ടുവരില്ല. അതേസമയം, ആരെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ മടങ്ങിവരാൻ സർക്കാർ എല്ലാ സഹായവും ചെയ്യും.
ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഫിലിപ്പീൻസ് എയർലൈൻസിനുപുറമെ സ്വകാര്യ വിമാനക്കമ്പനിയുമായും സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. ബുദ്ധിമുട്ട് അനുഭവിച്ച് ആരും വിദേശത്തു കഴിയേണ്ടതില്ല. പൗരന്മാരെ പോറ്റാൻ രാജ്യത്തിന് ബാധ്യതയുണ്ട്. രാജ്യം അതിന് വഴി കണ്ടെത്തും. വഴികൾ തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര ലക്ഷം ഫിലിപ്പീൻസ് പൗരന്മാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഫിലിപ്പീൻസ് ഗാർഹികതൊഴിലാളിയുടെ മൃതദേഹം കുവൈത്തിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയതാണ് അടിയന്തരമായി വിലക്ക് പ്രഖ്യാപിക്കാൻ കാരണം. കുവൈത്തിൽ ഏഴ് തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവാത്തത് നയതന്ത്രപ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിനിെടയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ജൊആന്ന ഡാനിയേല ഡെമഫെലിസിെൻറ മൃതദേഹമാണ് ആളൊഴിഞ്ഞ അപ്പാർട്മെൻറിലെ ഫ്രീസറിനുള്ളിൽനിന്ന് ലഭിച്ചത്. മൃതദേഹത്തിന് ഒരു വർഷത്തിന് മുകളിൽ പഴക്കമുണ്ടായിരുന്നു.
2500 ഫിലിപ്പീേനാകൾ മടങ്ങാൻ തയാർ;
ജോലി കണ്ടെത്താൻ സർക്കാർ സഹായിക്കും
കുവൈത്ത് സിറ്റി: വിദേശത്ത് പ്രയാസം അനുഭവിക്കുന്നവർക്ക് മടങ്ങിവരാമെന്ന ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുേതർതയുടെ ആഹ്വാനം അനുസരിച്ച് 2500 പേർ തിരിച്ചുപോവാൻ തയാറെടുക്കുന്നു. 400 പേർ തിങ്കളാഴ്ച യാത്രതിരിച്ചു. ബാക്കിയുള്ളവർ അടുത്തദിവസം മടങ്ങും. ഇവരെ തിരികെയെത്തിക്കാൻ സർക്കാർ ദൗത്യസംഘത്തെ നിയോഗിച്ചു. ഫിലിപ്പീൻസ് എയർലൈൻസിന് പുറമെ, സ്വകാര്യ വിമാനക്കമ്പനിയായ സെബു പസഫിക് എയർലൈൻസിെൻറ കൂടി സേവനം ഉപയോഗപ്പെടുത്തിയാണ് തൊഴിലാളികളെ കൊണ്ടുപോവുക. വിദേശത്തുള്ള പൗരന്മാരുടെ പ്രശ്നങ്ങൾ പഠിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും മറ്റൊരു സംഘത്തെ കൂടി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡൻറിെൻറ നിർദേശം അനുസരിച്ച് തിരിച്ചെത്തുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്താൻ സർക്കാർ സഹായം നൽകും. ചൈന, റഷ്യ തുടങ്ങിയ മറ്റേതെങ്കിലും രാജ്യത്ത് ഇവരെ പുനർവിന്യസിക്കാനാണ് ആലോചിക്കുന്നത്. അതിനിടെ, കുവൈത്തിന് പുറമെ മറ്റു ചില അറബ് രാജ്യങ്ങളിലേക്ക് വിലക്ക് പ്രഖ്യാപിക്കുന്നതും ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.