കുവൈത്തിൽ നിലവിലെ തൊഴിലാളികളെ ഫിലിപ്പീൻസ് പിൻവലിക്കില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് രാജ്യത്ത് നിലവിലുള്ള ഫിലിപ്പീൻ തൊഴിലാളികൾക്ക് ബാധകമാവില്ല. ഫിലിപ്പീൻ പ്രധാനമന്ത്രിയുടെ വക്താവ് ഹാരി റോകെ വാർത്താകുറിപ്പിൽ അറിയിച്ചതാണിത്. രണ്ടരലക്ഷം ഫിലിപ്പീൻ പൗരന്മാരാണ് കുവൈത്തിൽ ജോലിചെയ്യുന്നത്. ലക്ഷക്കണക്കിന് ഫിലിപ്പീനികൾ പല രാജ്യങ്ങളിലായി വിദേശത്ത് ജോലിയെടുക്കുന്നു. ഇവർ നാട്ടിലയക്കുന്ന പണം രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയുടെ നല്ലെട്ടാണ്. ഒാരോ മാസവും 200 കോടി ഡോളർ വിദേശത്തുനിന്നുള്ളവരുടെ വരുമാനമായി രാജ്യത്തെത്തുന്നു. പെെട്ടന്ന് വലിയൊരു വിഭാഗം ഒന്നിച്ച് നാട്ടിൽ വന്നാൽ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കും. തിരിച്ചുവരുന്നവർക്ക് തൊഴിൽ കണ്ടെത്താനും ബുദ്ധിമുട്ടും. ഇതുകൊണ്ടാണ് നിലവിലുള്ളവരെ തിരിച്ചുവിളിക്കേണ്ടെന്ന് രാജ്യം തീരുമാനിച്ചത്.
അതേസമയം, പ്രയാസം അനുഭവിക്കുന്ന ഒറ്റപ്പെട്ട തൊഴിലാളികളെ കണ്ടെത്തി സഹായം നൽകാനും അവരെ തിരികെ നാട്ടിലെത്തിക്കാനും കുവൈത്തിലെ ഫിലിപ്പീൻ എംബസി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻ തൊഴിലാളി സമൂഹത്തിെൻറ കൂടി പിന്തുണയോടെ ഇത്തരം ആളുകളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനിടെ, കുവൈത്ത് അധികൃതരുമായി ചർച്ച നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചാൽ വിലക്ക് നീക്കാനും സാധ്യതയുണ്ട്. കുവൈത്തിൽ ഏഴു തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവുന്നത് വരെയാണ് ഉത്തരവ് ബാധകമാവുകയെന്നാണ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഒപ്പുവെച്ച ഉത്തരവിൽ പറയുന്നത്.
കേസുകളിൽ പെെട്ടന്ന് അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിച്ചാൽ വിലക്ക് നീങ്ങാൻ വഴിയൊരുങ്ങും. അതേസമയം, വിലക്ക് സംബന്ധിച്ച് തങ്ങൾക്ക് ഒൗദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കുവൈത്തിലെ ഫിലിപ്പീൻസ് അംബാസഡർ റെനാറ്റോ വില്ല പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്ന വിവരമേ തങ്ങൾക്കുള്ളൂ. ഒൗദ്യോഗികമായി ഉത്തരവ് ലഭിക്കാൻ കാത്തിരിക്കുകയാണ്. ഇതിന് ശേഷമേ എന്തെങ്കിലും പ്രതികരിക്കാൻ കഴിയൂ -എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിൽ വിഷയത്തിൽ കുവൈത്ത് ആഭ്യന്തരമന്ത്രിക്ക് കത്തുനൽകിയതാണ്. അതിന് ശേഷം ആഗസ്റ്റിൽ തുടരന്വേഷണം നടത്തിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.