ഫോൺ വഴിയുള്ള തട്ടിപ്പുകൾ കുറഞ്ഞു, ജാഗ്രത തുടരണം
text_fieldsകുവൈത്ത് സിറ്റി: വ്യാജ കാളുകൾ ചെറുക്കാനുള്ള ശ്രമം ഊർജിതമാക്കിയതോടെ രാജ്യത്ത് ഫോൺ വഴിയുള്ള തട്ടിപ്പുകൾ കുറഞ്ഞുവരുന്നു. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ കമ്പനികളുടെ സഹകരണത്തോടെ വ്യാജ കാളുകൾ ചെറുക്കാനുള്ള ശ്രമം ഊർജിതമാക്കിയതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. വ്യാജ ഫോൺ കാളുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറഞ്ഞുവരുന്നതായും വ്യക്തമാക്കി.
വിശ്വസനീയ രൂപത്തിൽ സന്ദേശം അയച്ചും ഫോൺവിളിച്ചും പണം കൈക്കലാക്കുന്ന തട്ടിപ്പുസംഘം രാജ്യത്ത് സജീവമായിരുന്നു. ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിൽ ഫോൺ വിളിക്കലായിരുന്നു രീതി. വ്യക്തി വിവരങ്ങളുടെ അപ്ഡേഷൻ, വിവിധ നിയലംഘനങ്ങൾ, ഗതാഗത നിയമലംഘന പിഴ, വാക്സിനേഷൻ എന്നീ വിവരങ്ങൾ വിളിക്കുന്നവർ ചൂണ്ടിക്കാട്ടും. ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമെന്ന നിലയിലാകും അവതരണം. ഇതോടെ ഫോൺ എടുക്കുന്നവർ ആശയക്കുഴപ്പത്തിലാകും. തുടർന്ന് വിവിധ ലിങ്കുകൾ അയക്കുകയും അതുവഴി പണം അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു രീതി.
പണം നഷ്ട്പ്പെടുന്നതോടെയാണ് പലർക്കും തട്ടിപ്പ് മനസ്സിലാവുക. ഇതിനെതിരെ അധികൃതർ നിരന്തര മുന്നറിയിപ്പുകൾ നൽകുകയും ബോധവത്കരണം ആരംഭിച്ചതോടെയും തട്ടിപ്പുകാർ പിൻവാങ്ങിയതായാണ് സൂചന. ഫോണിൽ വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദർശിപ്പിക്കുന്ന സേവനവും അടുത്തിടെ ആരംഭിച്ചിരുന്നു.അപരിചിതമായ കാളുകള്‍ കുറക്കുന്നതിൽ ഇത്തരം ശ്രമങ്ങൾ വിജയിച്ചുവെന്ന് സിട്ര സൂചിപ്പിച്ചു.
നിലവിലെ ചട്ടം അനുസരിച്ച് രാജ്യത്തിനു പുറത്തുനിന്നുവരുന്ന ഫോൺ കോളുകൾക്ക് കൃത്യമായ തിരിച്ചറിയൽ വിവരങ്ങൾ ആവശ്യമാണ്.അതേസമയം, സൈബര്‍ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അധികൃതര്‍ ഉണർത്തി. വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട്, പാസ് വേ ഡുകൾ, ഒ.ടി.പി എന്നീ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.