ദുരിതകാലത്ത് അംഗങ്ങളെ ചേർത്തുപിടിച്ച് ക്രെസൻറ്
text_fieldsകുവൈത്ത് സിറ്റി: സഹകരണത്തിലൂടെയും സംഘടിത പ്രവർത്തനത്തിലൂടെയും സ്വയം കൈത്താങ്ങാവുകയെന്ന സങ്കൽപത്തെ അന്വർഥമാക്കുകയാണ് ക്രെസൻറ് സെൻറർ കുവൈത്ത് എന്ന പ്രവാസി കൂട്ടായ്മ.നാട്ടിൽ കുടുങ്ങിയ മുഴുവൻ അംഗങ്ങൾക്കും പെരുന്നാളിനോടനുബന്ധിച്ച് 5,000 രൂപ വീതം അയച്ചുനൽകാൻ തീരുമാനിച്ചിരിക്കയാണ് സംഘടന.
അപ്രതീക്ഷിതമായി നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദൈനംദിന ജീവിതത്തിന് പോലും പ്രയാസപ്പെടുമ്പോൾ, കോവിഡ് സാഹചര്യത്തിൽ ഒരു താൽക്കാലിക ജോലി പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിലാണ് ഈദുൽ ഫിത്ർ കുടുംബത്തോടൊപ്പം സന്തോഷപൂർവം ആഘോഷിക്കാൻ അംഗങ്ങൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാൽപതോളം അംഗങ്ങൾക്ക് 5,000 രൂപ വീതം പെരുന്നാൾ സമ്മാനമായി നൽകുന്നത്. നാട്ടിൽ അകപ്പെട്ട അംഗങ്ങളിൽ ആവശ്യക്കാർക്ക് പ്രതിമാസം നിശ്ചിത തുക പലിശ രഹിത വായ്പയായും സംഘടന നൽകിവരുന്നുണ്ട്.
അംഗങ്ങളെ സാമ്പത്തിക അച്ചടക്കമുള്ളവരാക്കി മാറ്റുക, സമ്പാദ്യശീലം വളർത്തുക, ലഘുനിക്ഷേപ പദ്ധതികളിലൂടെ ശമ്പളേതര വരുമാനം കണ്ടെത്താൻ സഹായിക്കുക, വിദ്യാഭ്യാസ പ്രോത്സാഹന സഹായങ്ങൾ നൽകുക എന്നിങ്ങനെയുള്ള പദ്ധതികളാണ് ഏഴുവർഷമായി ക്രെസൻറ് സെൻറർ കുവൈത്ത് മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.