ആദമിൽ പുതിയ വ്യവസായ നഗരം സ്ഥാപിക്കാൻ പദ്ധതി
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ആദമിൽ പുതിയ വ്യവസായ നഗരം സ്ഥാപിക്കും. വിഷൻ-2040െൻറ ഭാഗമായി ഉൽപാദന മേഖല ശക്തിപ്പെടുത്താനുള്ള പദ്ധതികളിൽപെട്ടതാണിത്. ആദം വിമാനത്താവളത്തിെൻറ സമീപത്തായി ഫഹൂദ് റോഡിൽ പത്തു ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പുതിയ വ്യവസായ നഗരം സ്ഥാപിക്കുക. ഇതിെൻറ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ദേശീയ, അന്തർ ദേശീയ തലത്തിലെ പ്രാപ്തരായ കൺസൽട്ടൻറുകളിൽനിന്ന് ടെന്ററുകൾ ക്ഷണിച്ചുകഴിഞ്ഞു.
പദ്ധതിയുടെ നിക്ഷേപ സാധ്യതയും വിപണന സാഹചര്യവും മനസ്സിലാക്കാൻ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാവുന്നതോടെ കഴിയും. സൈഹ് അസറഇയ വ്യവസായ നഗരം എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. വരും വർഷങ്ങളിൽ നിർമാണ മേഖലയിൽ ഏറ്റവും പുതിയ സംവിധാനമുള്ള പദ്ധതിയായി ഇതു വളരും. സാമ്പത്തിക വളർച്ചക്ക് ഗതിവേഗം പകരുന്ന സുപ്രധാന നിക്ഷേപ പദ്ധതികളായിരിക്കും ഇവിടെ യാഥാർഥ്യമാവുക. മത്സ്യബന്ധനം, ടൂറിസം, ഗതാഗതം, ഖനനം തുടങ്ങിയ മേഖലക്കാവശ്യമായ ഉപകരണങ്ങളും ഇവിടെ നിർമിക്കപ്പെടും.
ഒമാനിൽ വ്യവസായ നഗരങ്ങൾ കൂടുതൽ വികസിപ്പിക്കാനും മദായിന്‍ പദ്ധതിയുണ്ട്. നിലവിൽ 140 ദശലക്ഷം ചതുശ്ര മീറ്റർ മേഖലയിലാണ് ഒമാനിൽ മൊത്തം വ്യവസായ നഗരങ്ങൾ വ്യാപിച്ചുകിടക്കുന്നത്.
ഇവിടങ്ങളിലെ മൊത്തം നിക്ഷേപം 6.8 ശതകോടി റിയാലാണ്. ഒമാനിലെ മൊത്തം വ്യവസായ നഗരങ്ങളിൽ 2,200 പദ്ധതികളാണുള്ളത്. ഇവിടെ 62,000 പേർ ജോലി ചെയ്യുന്നുണ്ട്. ഇത്തരം വ്യവസായ നഗരങ്ങളിൽനിന്ന് 3.7 ശതകോടി വിലയുള്ള ഉൽപന്നങ്ങളാണുണ്ടാക്കിയത്. ഇതിൽ 73 ശതമാനവും കയറ്റുമതി ചെയ്യുകയുണ്ടായി.
പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ പരമാവധി ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വ്യവസായ നഗരങ്ങളിൽ മുഖ്യമായുള്ളത്. ഇവയിൽ പ്രധാനപ്പെട്ടത് എണ്ണ, പ്രകൃതിവാതക മേഖലയിലെ പദ്ധതികളാണ്. എണ്ണ മേഖലയിൽ മർമൂൽ ഏറെ പ്രധാനപ്പെട്ട മേഖലയാണ്. പി.ഡി.ഒയും മദായിനും സഹകരിച്ച് മർമൂലിലും വ്യവസായ നഗരം സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ദുകമിനും സലാലക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മർമൂൽ വ്യവസായ നഗരവും ഏറെ നിേക്ഷപ സാധ്യതയുള്ളതാണ്.
ഇബ്രിയിലും വൻ വ്യവസായ നഗരം സ്ഥാപിക്കാനുള്ള പദ്ധതികൾ കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. ഇവിടെ ഖനനം, മാർബിൾ വ്യവസായം, ഭക്ഷ്യ ഉൽപന്ന വ്യവസായം തുടങ്ങിയവയും നിരവധി കമ്പനികളുടെ ഷോറൂമുകളും ആരംഭിക്കും. സൗദി അറേബ്യ ഒമാൻ അതിർത്തിയിൽ പുതുതായി നിർമിക്കുന്ന റോഡിനോട് ചേർന്നുനിൽക്കുന്ന ഇബ്രി വ്യവസായ നഗരം ഇരു രാഷ്ട്രങ്ങൾക്കിടയിലെ പ്രധാന വ്യവസായ ഹബ്ബായി ഭാവിയിൽ മാറും. മദായിന്‍ കീഴിലുള്ള വ്യവസായ നഗരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സൊഹാർ വ്യവസായ നഗരമാണ്. ഒരു ദശലക്ഷം ചതുശ്ര മീറ്റർ വിസ്തൃതിയിലുള്ള സുഹാർ വ്യവസായ നഗരത്തിൽ പ്ലാസ്റ്റിക് വ്യവസായമടക്കം നിരവധി പദ്ധതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.