പൊടിക്കാറ്റ് പ്രതിരോധത്തിന് വിപുല പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെ സാരമായി ബാധിക്കുന്ന പൊടിക്കാറ്റ് പ്രതിരോധിക്കാൻ ധാരണ.തെക്കൻ ഇറാഖിൽ നിന്ന് അതിർത്തി കടന്നു വരുന്ന പൊടിക്കാറ്റാണ് കുവൈത്തിനെയും ഗൾഫ് രാജ്യങ്ങളെയും കുഴക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ), ഐക്യരാഷ്ട്രസഭ (യു.എൻ) ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമുമായി (യു.എൻ-ഹാബിറ്റാറ്റ്) കരാർ ഒപ്പിട്ടു.
പൊടിക്കാറ്റിന്റെ പ്രധാന സ്രോതസ്സായ ഇറാഖി പ്രദേശത്തിന്റെ തെക്കുഭാഗത്ത് 8212 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രണ്ടു പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കെ.ഐ.എസ്.ആർ ഡയറക്ടർ ജനറൽ ഡോ. മാനിയ അൽ സുദൈരാവി വ്യക്തമാക്കി. കുവൈത്ത് അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണിത്.
ഈ മേഖലകളെ കുറിച്ച് കെ.ഐ.എസ്.ആർ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ കുവൈത്തിൽ എത്തുന്ന പൊടിക്കാറ്റുകളുടെ സ്ഥാനവും എണ്ണവും നിർണയിച്ചു. ഇതിനു ശേഷമാണ് പ്രദേശങ്ങൾ തിരഞ്ഞെടുത്തത്. കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കണക്കിലെടുത്ത് മണൽ, പൊടിക്കാറ്റുകളുടെ കാരണങ്ങൾ തിരിച്ചറിയാൻ പദ്ധതി ലക്ഷ്യമിടുന്നു.
പ്രതിരോധ മാർഗങ്ങൾ ഒരുക്കുക, പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക, കാറ്റിന്റെ അളവെടുപ്പ് സംവിധാനങ്ങളും സൂചകങ്ങളും നിർമിക്കുക എന്നിവയെല്ലാം ലക്ഷ്യമാണ്. വടക്കൻ ഇറാഖിലെ പ്രദേശങ്ങളിലെ മണ്ണ് സ്ഥിരപ്പെടുത്തുന്നതു വഴി അതിർത്തി കടന്നുള്ള പൊടിപടലങ്ങൾ കുറക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. മണൽ, പൊടിക്കാറ്റ് എന്നിവയാൽ നാശം വിതച്ച പ്രദേശങ്ങളുടെ പുനരധിവാസം, ദൂഷ്യഫലങ്ങൾ ലഘൂകരിക്കുന്നതിന് അടിസ്ഥാന സൗകര്യ രൂപകൽപനയും നടപ്പാക്കും.
പൊടിപടലങ്ങളെ അതിന്റെ ഉറവിടങ്ങളിൽനിന്ന് ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് അറബ് ഗൾഫ് രാജ്യങ്ങൾക്കായുള്ള യു.എൻ-ഹാബിറ്റാറ്റിലെ ഓഫിസ് മേധാവി ഡോ. അമീറ അൽ ഹസ്സൻ പറഞ്ഞു. പൊതുജനാരോഗ്യം, രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിനു പദ്ധതി കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
പൊടിക്കാറ്റ്
കുവൈത്ത് സിറ്റി: ആരോഗ്യ-പാരിസ്ഥിതിക നാശത്തിന് പുറമെ വലിയ സാമ്പത്തിക നഷ്ടവും പൊടിക്കാറ്റ് വഴി ഉണ്ടാകുന്നു. തുറമുഖങ്ങളും റോഡുകളും അടച്ചുപൂട്ടാൻ കാരണമാകുന്നു. മണൽ, പൊടിക്കാറ്റ് എന്നിവയുടെ ഫലമായി 190 ദശലക്ഷം ദീനാർ വാർഷിക നഷ്ടം കണക്കാക്കപ്പെടുന്നു.
പൊടിക്കാറ്റുമൂലം ചതുരശ്ര കിലോമീറ്ററിൽ 60 ടൺ പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നതായി 2006ൽ കണക്കാക്കിയിരുന്നു. 2022ൽ ഇത് 500 ടണ്ണായി വർധിച്ചതായി പഠനങ്ങൾ കാണിക്കുന്നു. കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കുന്നത് പതിവാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും റോഡ് ഗതാഗതത്തെയും ഇത് ബാധിക്കാറുണ്ട്. തൊട്ടുമുന്നിലെ വാഹനം പോലും കാണാൻ കഴിയാത്തവിധം അന്തരീക്ഷം പൊടി മൂടുന്നതിനാൽ ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.