കുവൈത്തിൽ കൂടുതൽ നാച്വറൽ റിസർവ് സ്ഥാപിക്കാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പരിസ്ഥിതി സംരക്ഷണ ഭാഗമായി കൂടുതൽ നാച്വറൽ റിസർവുകൾ സ്ഥാപിക്കാൻ ആലോചന. രാജ്യത്തിെൻറ വടക്കൻ പ്രദേശങ്ങളിൽ അഞ്ച് സ്ഥലങ്ങളാണ് സംരക്ഷിത പരിസ്ഥിതി പ്രദേശങ്ങളാക്കാൻ ആലോചിക്കുന്നത്. ഉമ്മു ഖദീർ, ഖബരി അൽ അവാസിം, ഇൗസ്റ്റ് ജഹ്റ, അൽ ലിയ, അൽ ശഖായ എന്നീ പ്രദേശങ്ങളാണ് പരിഗണനയിലെന്നാണ് വിവരം. ഇൗ ഭാഗങ്ങളിൽ തമ്പ് കെട്ടിയ കന്നുകാലി ഉടമകളോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കാർഷിക മത്സ്യ വിഭവ പബ്ലിക്ക് അതോറിറ്റിയും പരിസ്ഥിതി പൊലീസ് വകുപ്പും ചേർന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുക.
ഇറാഖി അധിനിവേശ കാലത്ത് ഫലഭൂയിഷ്ഠത തകർത്ത മണ്ണ് നന്നാക്കിയെടുക്കൽ ശ്രമകരമാണ്. റേഡിയോ ആക്ടിവ് സാന്നിധ്യം മണ്ണിനെ നശിപ്പിച്ചു. അഞ്ച് പ്രദേശങ്ങളെ മണ്ണ് നന്നാക്കിയും മരങ്ങൾ നട്ടുപിടിപ്പിച്ചും നാച്വറൽ റിസർവാക്കി മാറ്റിയെടുക്കാൻ 100 കോടി ഡോളറെങ്കിലും ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. യുദ്ധ നഷ്ടപരിഹാരമായി ഇറാഖ് നൽകുന്ന തുകയിൽനിന്ന് ഇതിലേക്ക് വകയിരുത്തും. ലക്ഷ്യമിട്ട രൂപത്തിൽ പ്രദേശങ്ങളെ മാറ്റിയെടുക്കാൻ വർഷങ്ങളുടെ ചിട്ടയായ പ്രവർത്തനം വേണ്ടിവരും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾക്ക് ആശ്വാസമാണ് നാച്വറൽ റിസർവുകൾ.
ദേശാടനക്കിളികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണിവ. ജഹ്റ, സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവുകളിൽ അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചതോടെ മുള്ളന്‍പന്നികള്‍ ഉൾപ്പെടെ ജീവികൾ പ്രതൃക്ഷപ്പെടാന് തുടങ്ങി. ജഹ്റ നാച്വറല്‍ റിസര്‍വ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്വറിെൻറ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. നാച്വറൽ റിസർവിെൻറ വികസന പ്രവര്‍ത്തനങ്ങള്‍, മാനേജ്മെൻറിെൻറ പ്രവര്‍ത്തനങ്ങള്‍, റിസര്‍വില്‍നിന്നു ലഭിച്ച ഫലങ്ങള്‍ എന്നിവ പരിഗണിച്ചാണ് അംഗീകാരം. സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവ് കൂടി ഗ്രീന്‍ ലിസ്റ്റില്‍ ഇടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.