പ്ലസ് വൺ സീറ്റ് ക്ഷാമം: അടിയന്തര പരിഹാരം വേണം- കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ അടിയന്തര പരിഹാരത്തിന് സർക്കാർ തയാറാകണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ആവശ്യപ്പെട്ടു. പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കന്ററിയായി ഉയർത്തിയും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. 50 പേർക്ക് മാത്രമുള്ള ക്ലാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാർഥികളെ താൽകാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല. വിദ്യാർഥികളെ കുത്തി നിറച്ച് ഇരുത്തുന്നത് പഠന നിലവാരത്തെ വലിയ തോതിൽ ബാധിക്കുന്നതായി അധ്യാപകരുടെ പരാതി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം മലബാർ ജില്ലകളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും അണ് എയ്ഡഡ് സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്നു. ഈ വർഷവും ഇതു തന്നെയായിരിക്കും അവസ്ഥ. ചില ജില്ലകളിൽ മാത്രം വർഷങ്ങളായി തുടരുന്ന സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസർത്തു കൊണ്ടും താൽകാലിക നീക്കുപോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന ധാർഷ്ട്യം ഇനി മുതൽ വിലപ്പോകില്ല. പ്രശ്നത്തിൽ ശാശ്വത പരിഹാരമാണ് ആവശ്യം. സർക്കാർ-എയ്ഡഡ് മേഖലയിൽ പ്ലസ്ടു സ്കൂളുകൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതികമായി പ്ലസ്ടു സീറ്റുകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.