'മാധ്യമം ചെയ്തത് പത്രധർമം, അതിന്റെ ചിറകരിയരുത്'
text_fields'മാധ്യമം' പത്രത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.ടി. ജലീൽ യു.എ.ഇ കോൺസുലേറ്റിന് കത്തയച്ച വിഷയത്തിലും മറ്റു ആനുകാലിക സംഭവ വികാസങ്ങളെക്കുറിച്ചും പ്രമുഖ ഇസ് ലാമിക പണ്ഡിതനും മോട്ടിവേഷൻ സ്പീക്കറുമായ പി.എം.എ. ഗഫൂർ 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
ചോദ്യം: 'മാധ്യമ'ത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.ടി. ജലീൽ അയച്ച കത്തിനെ എങ്ങനെ കാണുന്നു?
ഉത്തരം: നിലനിൽക്കുന്ന സർക്കാറിനെ ആശിർവദിക്കുകയല്ല, ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. ഈ പത്രധർമം തന്നെയാണ് 'മാധ്യമം' ചെയ്തത്. ഒരു തിരുത്തൽ ശക്തിയാവുകയാണ് 'മാധ്യമം' ചെയ്തത്. പ്രവാസികളുടെ നാവാവുകയായിരുന്നു 'മാധ്യമം'. ഇങ്ങനെയിരിക്കെ ആ റിപ്പോർട്ടിനെ ആസ്പദമാക്കി മന്ത്രിയായിരുന്ന ജലീൽ 'മാധ്യമ'ത്തിനെതിരെ നടപടിയാവശ്യപ്പെട്ട് യു.എ.ഇ കോൺസുലേറ്റർക്ക് കത്തയച്ചത് ശരിയായ നടപടിയായില്ല.
ചോദ്യം: വിവാദമായ 2020 ജൂൺ 24ലെ 'മാധ്യമ'ത്തിലെ റിപ്പോർട്ടിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉത്തരം: ഇന്ത്യയിലെ ഭരണകൂടങ്ങളുടെ നിഷേധാത്മക സമീപനം മൂലം ദുരവസ്ഥയിലായ പ്രവാസികളുടെ യഥാർഥ അവസ്ഥ തുറന്നുകാട്ടുകയാണ് 'മാധ്യമം' അന്ന് ചെയ്തത്. നാവറുക്കപ്പെട്ടവന്റെ നാവായിരുന്നു ആ റിപ്പോർട്ട്. 'മാധ്യമം' പ്രസിദ്ധീകരിച്ച മരിച്ച പ്രവാസികളുടെ ചിത്രങ്ങൾ വലിയ കാര്യങ്ങളാണ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്. ആ ചിത്രങ്ങൾ വലിയ കുടുംബങ്ങളുടെ അനാതഥ്വമാണ് സൂചിപ്പിച്ചത്.
ചോദ്യം: വിമർശനങ്ങളോട് 'മാധ്യമം' പുലർത്തേണ്ട രീതി എങ്ങനെയാണെന്നാണ് താങ്കളുടെ അഭിപ്രായം?
ഉത്തരം: വിമർശനങ്ങൾ സ്വാഭാവികമാണ്. അതിനെ ജനാധിപത്യപരമായി സ്വീകരിക്കുക. 'കണ്ടുനിൽക്കുകയല്ല; ഇടപെടുകയാണ്' എന്ന 'മാധ്യമ'ത്തിന്റെ മുദ്രാവാക്യത്തിൽ ഉറച്ചുനിന്ന് സധൈര്യം മുന്നോട്ടുപോവുക. പല ഗൾഫ് രാഷ്ട്രങ്ങളിലും പ്രചാരമുള്ള ഇന്ത്യൻ പത്രം 'മാധ്യമം' മാത്രമാണ്. അത് നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ചിറകുകൾ അരിയരുത്.
ചോദ്യം: ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകുന്ന ആസൂത്രിതമായ ശ്രമം നടക്കുന്നതായി നമുക്ക് കാണാം. ഇതിനെ എങ്ങനെ പ്രതിരോധിക്കാം?
ഉത്തരം: തർക്കങ്ങളും ശത്രുതയും പെരുകുന്നുണ്ട്. ഏതൊരു വിഷയമായാലും അതിൽ സംവാദാത്മകമായ സമീപനങ്ങളല്ല, പകരം താർക്കങ്ങളാണ് പെരുകുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ള കാര്യം സംവാദമാണ്. എന്നാൽ, ഫാഷിസത്തിന് എപ്പോഴും താല്പര്യം തർക്കങ്ങൾ സൃഷ്ടിക്കാനാണ്. ഇത് ശത്രുതകൾ സൃഷ്ടിക്കും.
തർക്കങ്ങളും ശത്രുതയും കൊണ്ടെത്തിക്കുന്നത് നമ്മളെ തന്നെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയിലേക്കായിരിക്കും. തർക്കങ്ങൾക്കുപകരം സംവാദങ്ങളെ നാം ഉയർത്തിക്കൊണ്ടുവരുക.
ചോദ്യം: വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിനിടയിൽ പരസ്പര വിശ്വാസമില്ലായ്മയും സംശയവും ഉണ്ടാക്കാൻ വെറുപ്പിന്റെ ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ടോ?
ഉത്തരം:സമൂഹ മാധ്യമങ്ങളിൽ കാണുന്ന പരസ്പര ശത്രുതാ മനോഭാവങ്ങൾ പുറത്തുണ്ടാവണം എന്നില്ല. നമ്മുടെ സമൂഹത്തിൽ നിലവിൽ അത്ര വലിയ പ്രശ്നങ്ങൾ ഇല്ല . ഗൂഗ്ൾ ഈയടുത്തു പറഞ്ഞത് അവരുടെ സ്പേസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വെറുപ്പുപ്രചരിപ്പിക്കാനാണെന്നാണ്. ഓരോരുത്തർക്കും അവരവരുടെ പ്രദേശത്ത് പ്രവർത്തിച്ചാൽ മതി എന്നിരിക്കെ പരസ്പരം അറിയാത്ത ആളുകൾക്കിടയിൽ വരെ ശത്രുത സൃഷ്ടിക്കുന്ന ഇടമാവുകയാണ് സോഷ്യൽ മീഡിയ. അതിനാൽ ഈ രംഗത്തെ ഏറ്റവും മികച്ച രീതിയിലും നന്മയിലും ഉപയോഗപ്പെടുത്താനുള്ള ലക്ഷ്യങ്ങൾ നമുക്കുണ്ടാകണം. അത് പുതുതലമുറക്കായി നാം രൂപപ്പെടുത്തുക.
ചോദ്യം: വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകണമെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ?
ഉത്തരം:അതേ, ശരിക്കും വിദ്യാഭ്യാസ രംഗം പരിഷ്കരിക്കേണ്ടതുണ്ട് . വിദ്യാർഥികൾക്ക് പഠിക്കേണ്ട നല്ല മാതൃകകൾ നന്നേ കുറഞ്ഞുപോവുകയും മാനവികത എന്നുള്ളത് നമ്മുടെ പാഠ്യപദ്ധതികളിലൊന്നുമില്ല. നമ്മുടെ കുട്ടികൾക്ക് നമ്മൾ കൊടുക്കുന്നത് കവിതകൾ അല്ല കണക്കുകളാണ്. കവിതയേക്കാൾ കണക്കുനിറഞ്ഞ തലച്ചോറുകളെയാണ് നമ്മൾ രൂപപ്പെടുത്തുന്നത്.
കണക്കിന്റെ പരാമമായ ലക്ഷ്യം തന്നെ ലാഭമാണല്ലോ ? നമ്മുടെ പാഠ്യ വിഷയങ്ങളിൽ ഹ്യുമാനിറ്റീസ് പഠിക്കുന്നത് പലപ്പോഴും ഒന്നും കിട്ടാത്ത ആളുകളാണ്. എന്നാൽ, ഏറ്റവും മൂല്യമുള്ള വിഷയമാണ് ഇതെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ചോദ്യം: നിലവിൽ ഉയർന്നുവരുന്ന ആൺ-പെൺ സമ്പർക്ക വിവാദങ്ങളിൽ എന്ത് നിലപാടുകൾ ഉണ്ടാകണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?
ഉത്തരം: പുതുതലമുറക്കിടയിൽ മൂല്യബോധം വളർത്തിക്കൊടുക്കുയെന്ന ധർമമാണ് നാം ചെയ്യേണ്ടത്.
ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും മടിയിൽ ഒരുമിച്ചിരിക്കുന്ന കാഴ്ചയേക്കാൾ നമ്മൾ കാണാതെ പോകുന്ന മറ്റു ചില മനോഹരമായ കാഴ്ചകളുണ്ട്. രണ്ട് കാലുകൾ ഇല്ലാത്ത ഒരു ആൺ കുട്ടിയെ അപ്പുറവും ഇപ്പുറവും പിടിച്ചുകൊണ്ട് രണ്ടു പെൺകുട്ടികൾ കൊണ്ടുപോകുന്ന കാഴ്ചയുണ്ട്. എന്തുകൊണ്ടാണ് സമൂഹം ആ കാഴ്ച കാണാതെ പോകുന്നത്? സൗഹൃദം സൗമ്യമായ ഒരാകാശവും സ്വന്തമായ ഒരവകാശവുമാണ്.
ഇത് നമ്മുടെ കുട്ടികൾ ഭംഗിയായി കാണിച്ചുതരുന്നുണ്ട്. ഇനി വേണ്ടത് മുകളിൽ സൂചിപ്പിച്ചപോലെ മൂല്യബോധം പുതുതലമുറക്കിടയിൽ വളർത്തിയെടുക്കുക എന്നതാണ്. അതിൽ നാം ഒരു വിട്ടുവീഴ്ചയും ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.