രാഷ്ട്രീയ പൊതുമാപ്പ്: തുർക്കിയിലുള്ള പ്രതിപക്ഷ നേതാക്കൾ ഒരാഴ്ചക്കകം തിരിച്ചെത്തിയേക്കും
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ കേസുകളിൽ പൊതുമാപ്പു നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഞായറാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്.അതോടെ തുർക്കിയിൽ അഭയംതേടിക്കഴിയുന്ന പ്രതിപക്ഷ നേതാക്കൾ ഒരാഴ്ചക്കകം തിരിച്ചെത്തിത്തുടങ്ങും. തിങ്കളാഴ്ച മുതൽ തന്നെ ചിലർ എത്തുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽറായ്' ദിനപത്രം റിപ്പോർട്ട് ചെയ്തു. പാർലമെൻറ് ആക്രമണ കേസിൽ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് തുർക്കിയിലേക്ക് പോയ മുസല്ലം അൽ ബർറാക്, മുബാറക് അൽ വഅ്ലാൻ, സാലിം അൽ നംലാൻ, ഫൈസൽ അൽ മുസ്ലിം, ഖാലിദ് അൽ തഹൂസ്, ജംആൻ അൽ ഹർബഷ്, മിശ്അൽ അൽ ദൈദി, അബ്ദുൽ അസീസ് അൽ ജാറല്ല, അബ്ദുൽ അസീസ് അൽ മുനൈസ്, നാസർ അൽ മുതൈരി, മുഹമ്മദ് അൽ ബുലിഹൈസ് തുടങ്ങിയ നേതാക്കൾ രാഷ്ട്രീയ പൊതുമാപ്പിനെ തുടർന്ന് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
ഗസറ്റ് വിജ്ഞാപനം മുതൽ ഒരുമാസത്തെ സാവകാശമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അനുവദിക്കുക.പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാൻ അമീർ മുൻകൈയെടുത്ത് നടത്തുന്ന നാഷനൽ ഡയലോഗിൽ പ്രതിപക്ഷ എം.പിമാർ പ്രധാനമായും ആവശ്യപ്പെട്ടത് രാഷ്ട്രീയ കേസുകളിലെ പൊതുമാപ്പും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തലും ആണ്. മുൻ എം.പിമാർ ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളാണ് തുർക്കിയിലും ബ്രിട്ടനിലും അഭയം തേടി കഴിയുന്നത്.മാസങ്ങളായി കുവൈത്ത് പാർലമെൻറും മന്ത്രിസഭയും തമ്മിൽ നല്ല ബന്ധത്തിലല്ല.പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറ് മന്ത്രിമാർക്കെതിരെ നിരന്തരം കുറ്റവിചാരണ കൊണ്ടുവരുന്നതിൽ മന്ത്രിസഭക്ക് അതൃപ്തിയുണ്ട്.സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് നിരവധി തവണ പാർലമെൻറ് യോഗം മുടങ്ങി.രണ്ടു തവണ മന്ത്രിസഭയുടെ രാജിയിലേക്ക് വരെ എത്തിയ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.