തൊഴില്‍ സാഹചര്യങ്ങളില്‍ നല്ല മാറ്റമെന്ന് മനുഷ്യാവകാശ സമിതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 2021 അവസാനപാദത്തില്‍ തൊഴില്‍ സാഹചര്യങ്ങളില്‍ അനുഗുണമായ മാറ്റങ്ങളുണ്ടായതായി റിപ്പോർട്ട്. കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട ത്രൈമാസ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പൊതു ധാര്‍മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയാനും പ്രത്യേക വകുപ്പ് സ്ഥാപിച്ചതും മനുഷ്യക്കടത്ത് സംബന്ധിച്ച പരാതികൾ സ്വീകരിക്കാനായി ഹോട്ട്ലൈൻ ആരംഭിച്ചതും ഇക്കാലയളവിലെ നേട്ടമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021ലെ അവസാന മൂന്നു മാസങ്ങളിലെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കിയാണ് കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ത്രൈമാസ അവലോകന റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ അനുഗുണമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി വിലയിരുത്തുന്നതാണ് റിപ്പോർട്ട്.
60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം ഫത്വ - നിയമനിര്‍മാണ വകുപ്പ് മരവിപ്പിച്ചതും റിപ്പോർട്ടിൽ നല്ല മാറ്റങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. സാഹിൽ ആപ്ലിക്കേഷനിലൂടെ ഇ-ഗവേണിങ് സേവനങ്ങൾ എളുപ്പമാക്കിയതും അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 20 വ്യാജ ഓഫിസുകള്‍ അടച്ചു പൂട്ടിയതും നേട്ടങ്ങളാണ്. വാണിജ്യ സന്ദർശന വിസയിലുള്ളവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് നിർത്തിയതും ബിരുദമില്ലാത്ത 60 വയസ്സു കഴിഞ്ഞ വിദേശികളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വവും വിമാന വിലക്ക് മൂലം റെസിഡന്‍സി നഷ്ടപ്പെട്ട തൊഴിലാളികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനങ്ങളൊന്നും കൈകൊണ്ടില്ല എന്നതും കോട്ടങ്ങളായാണ് മനുഷ്യാവകാശസമിതി വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.