കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവിന് സാധ്യത
text_fieldsകൊറോണ എമർജൻസി കമ്മിറ്റിയും മന്ത്രിസഭയും ഇന്ന് യോഗം ചേരുംകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവിന് സാധ്യത. തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ ചില ഘട്ടങ്ങൾ സാധ്യമാക്കുന്ന ശിപാർശകൾ തിങ്കളാഴ്ച ചേരുന്ന കൊറോണ എമർജൻസി കമ്മിറ്റി യോഗം ചർച്ച ചെയ്യും. പ്രതിദിന രോഗസ്ഥിരീകരണത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കുറവ് അനുഭവപ്പെടുന്നുണ്ട്.
ബൂസ്റ്റർ വാക്സിൻ വിതരണം ത്വരിതപ്പെടുത്തിയതും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരംഭിച്ചതും രോഗബാധയെ നിയന്ത്രിക്കുന്നതിൽ സഹായകമായി എന്നാണ് അധികൃതരുടെ വിലയിരുത്തൽ. കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതും സാമൂഹിക പ്രതിരോധശേഷി ഉയർന്നതുമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ അധികൃതർ ആലോചിക്കുന്നത്.
കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന എടുത്തുമാറ്റുക, കുവൈത്തിലെത്തിയശേഷം നടത്തുന്ന പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകുന്നവരെ ക്വാറൻറീൻ നിബന്ധനയിൽനിന്ന് ഒഴിവാക്കുക, പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കുക, സർക്കാർ ഓഫിസുകളുടെ ഹാജർ നില 100 ശതമാനമാക്കി പുനഃസ്ഥാപിക്കുക, പൊതു സ്ഥലങ്ങളിലെ മാസ്ക് ധാരണം ഐച്ഛികമാക്കുക എന്നീ നിർദേശങ്ങളാണ് കൊറോണ എമർജൻസി കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. തിങ്കളാഴ്ച രാവിലെ കൊറോണ എമർജൻസി കമ്മിറ്റി യോഗം ചേർന്ന് ശിപാർശകൾ വിലയിരുത്തിയശേഷം വൈകീട്ട് നടക്കുന്ന മന്ത്രിസഭ യോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഇളവുകൾ സംബന്ധിച്ച് നാളെത്തന്നെ മന്ത്രിസഭ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.