പൊതുസേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ പൊതുമേഖല സേവനങ്ങളുടെ ഫീസ് വർധിപ്പിക്കാൻ സാധ്യത. പാർലമെൻറ് അംഗങ്ങളിൽനിന്ന് കടുത്ത സമ്മർദം ഉണ്ടെങ്കിലും ബജറ്റ് കമ്മി വർധനയും വരുമാനക്കുറവും ഇത്തരമൊരു തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘട്ടംഘട്ടമായാകും വർധന ഏർപ്പെടുത്തുക.
ചില മന്ത്രാലയങ്ങളിൽ ഇതിനകം സേവനഫീസ് നിരക്ക് വർധന നടപ്പാക്കി. മറ്റ് മന്ത്രാലയങ്ങളും ഇതിെൻറ ആലോചനയിലാണ്.
2020-2021 സാമ്പത്തിക വർഷം 10.8 ബില്യൻ ദിനാറാണ് കുവൈത്തിെൻറ ബജറ്റ് കമ്മി. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്. എണ്ണ വരുമാനത്തിൽ 42.8 ശതമാനവും എണ്ണയിതര വരുമാനത്തിൽ 6.5 ശതമാനവും കുറവുണ്ടായി.
ശമ്പളച്ചെലവിന് വായ്പയെടുക്കാൻ നിർബന്ധിതമാകുന്ന വിധം ലിക്വിഡിറ്റി ക്ഷാമവും ഉണ്ടായി. എന്നാൽ, ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്തിട്ടില്ല.
സബ്സിഡിക്കും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനുമാണ് ആകെ ചെലവിെൻറ 71 ശതമാനവും.
എണ്ണവില മുഖ്യവരുമാനമായി കാണുന്ന കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വില കുത്തനെ ഇടിഞ്ഞത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ബാരലിന് 90 ഡോളർ എത്തിയാലേ ബജറ്റ് കമ്മിയില്ലാതെ ബ്രേക്ക് ഇൗവൻ നിലയിലെത്തൂ. ശക്തമായ സമ്മർദ ഘട്ടത്തിലൂടെയാണ് ധനമന്ത്രാലയം കടന്നുപോകുന്നത്. ചില സേവനങ്ങൾക്കുള്ള ഫീസ് വർധനയും സബ്സിഡി വെട്ടിച്ചുരുക്കലുമാണ് നിലവിലെ പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമെന്നാണ് വിദഗ്ധോപദേശം.
സബ്സിഡി ഇനത്തിലുള്ള ചെലവ് നിയന്ത്രണവും സർക്കാർ പരിഗണിക്കുന്നുണ്ട്.
21,63,000 ആളുകളാണ് സബ്സിഡിയുടെ ഗുണഭോക്താക്കളായുള്ളത്. മാനദണ്ഡങ്ങൾ കർശനമാക്കി ഗുണഭോക്താക്കളുടെ എണ്ണം കുറക്കും. സ്വദേശികളുടെ ആനുകൂല്യങ്ങൾ കുറയുന്ന പരിഷ്കരണങ്ങളൊന്നും എം.പിമാർ അംഗീകരിക്കാനിടയില്ല.
പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിെൻറ എതിർപ്പ് മറികടന്ന് പരിഷ്കരണ നടപടികൾ നടപ്പാക്കുന്നത് സർക്കാറിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.
അങ്ങനെ വന്നാൽ, പരിഷ്കരണത്തിെൻറ ഭാരം വിദേശികൾ വഹിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.