പി.പി.ഇ കിറ്റ്: തീരുമാനം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ -കെ.കെ. ശൈലജ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയെന്ന കേസിൽ നോട്ടീസ് അയച്ച സംഭവത്തിൽ ലോകായുക്തയെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡിസാസ്റ്റർ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ലോകായുക്തക്ക് മനസ്സിലാകും. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എടുത്ത തീരുമാനമെന്നകാര്യത്തിൽ ഒരു സംശയവുമില്ല. കുവൈത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇതുസംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രതിപക്ഷം നേരത്തെ വിഷയം അസംബ്ലിയിൽ ഉന്നയിക്കുകയും മറുപടി കൊടുത്തതുമാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങിയതെന്നരീതിയിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ കണ്ടു. തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതായും മുഖ്യമന്ത്രിയെ വിഷയത്തിലേക്ക് അനാവശ്യമായി കൊണ്ടുവരുകയാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
പി.പി.ഇ കിറ്റ് വാങ്ങുന്നത് കാബിനറ്റ് തീരുമാനമായിരുന്നു. 500 രൂപക്കും 1500 രൂപക്കും ഇവ വാങ്ങിയിട്ടുണ്ട്. മനുഷ്യരുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. ആളുകളെ സംരക്ഷിക്കാൻ എടുത്ത തീരുമാനമെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. കോവിഡ് കാലത്ത് വിദേശത്തുനിന്ന് തിരിച്ചെത്തിയ ആരെയും കേരളം ഉപേക്ഷിച്ചിട്ടില്ല.
എല്ലാവരെയും കേരളം സ്വീകരിച്ചു, ചികിത്സ നൽകി. അതുകൊണ്ടാണ് കേരളത്തിൽ മരണനിരക്ക് കുറഞ്ഞത്. തിരിച്ചെത്തിയവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തിയത് ശരിയാണെന്ന് വിശ്വസിക്കുന്നു. അതിൽ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമാണെന്നും ശൈലജ വ്യക്തമാക്കി. കോവിഡ് കാലത്ത് ഉയർന്ന വിലയ്ക്ക് പി.പി.ഇ കിറ്റും ഗ്ലൗസും അനുബന്ധ ഉപകരണങ്ങളും വാങ്ങിയെന്ന കേസിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കം ഒമ്പതുപേർക്ക് കഴിഞ്ഞ ദിവസം ലോകായുക്ത നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.