തിരിച്ചുപോക്കിന് കളമൊരുങ്ങിയതിൽ പ്രവാസികൾക്ക് ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: ദീർഘനാളത്തെ അനിശ്ചിതത്വത്തിനുശേഷം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് നാട്ടിലേക്കു പോകാൻ കളമൊരുങ്ങിയത് ആശ്വാസം. വിമാനങ്ങളും നാവികസേന കപ്പലുകളും പ്രയോജനപ്പെടുത്തിയാണ് മടക്കയാത്ര ഒരുക്കുക. അതേസമയം, യാത്രച്ചെലവ് പ്രവാസികൾ വഹിക്കേണ്ടിവരും. കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർചെയ്ത 12000ത്തോളം ഇന്ത്യക്കാർ നാട്ടിൽപോകാൻ അനുമതി കാത്ത് ക്യാമ്പിൽ കഴിയുന്നുണ്ട്. ഇവർക്ക് വിമാനസൗകര്യം കുവൈത്ത് സർക്കാർ സൗജന്യമായി ഒരുക്കും. മറ്റുള്ളവരാണ് പണം നൽകി പോകേണ്ടിവരുക. എത്ര തുകയെന്നതിൽ വ്യക്തത വന്നിട്ടില്ല. ജോലിയും വരുമാനവുമില്ലാതായി ആളുകൾ പ്രയാസപ്പെടുന്ന ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ സൗജന്യമായി കൊണ്ടുപോകണമെന്നായിരുന്നു ആവശ്യമെങ്കിലും കേന്ദ്ര സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക.
യാത്രയിലും നിരവധി ചട്ടങ്ങൾ പാലിക്കേണ്ടിവരും. നാട്ടിലെത്തിയാൽ ക്വാറൻറീൻ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്.
യാത്രച്ചെലവ് പ്രവാസികൾ വഹിക്കേണ്ടതിനാൽ കേന്ദ്ര സർക്കാറിന് സാമ്പത്തികബാധ്യതയില്ല. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും അതത് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ പട്ടിക തയാറാക്കിവരുകയാണ്. https://indembkwt.com/eva/ എന്ന വെബ്സൈറ്റ് ലിങ്ക് വഴിയാണ് കുവൈത്തിലെ ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യേണ്ടത്. കുടുംബത്തിലെ ഒാരോ വ്യക്തിയും പ്രത്യേകം ഫോം ഫിൽ ചെയ്യണം. അതുപോലെ പോകാൻ ആഗ്രഹിക്കുന്ന കമ്പനികളിലെ ഒാരോ തൊഴിലാളിയും പ്രത്യേകം ഫോം ഫിൽ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.