പ്രവാസികളുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് നിവേദനം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് മൂലം ഗൾഫിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള അസോസിയേഷൻ കുവൈത്ത് നിവേദനം നൽകി. മുഖ്യമന്ത്രി പിണറായി വിജയനും നോർക്കക്കുമാണ് നിവേദനം നൽകിയത്. കോവിഡ് കാരണം കേരളത്തിൽ ഏഴുപേർ മരിച്ചപ്പോൾ, വിദേശരാജ്യങ്ങളിൽ 150 മലയാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോലും നാട്ടിലുള്ള ബന്ധുക്കൾക്ക് കാണാനാകാതെ, അതത് രാജ്യങ്ങളിൽ സംസ്കരിക്കുകയാണ് ചെയ്യുന്നത്. മരിച്ച പ്രവാസികളിൽ ഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാരായ സാധാരണക്കാരാണ്.
അവരെ ആശ്രയിച്ചുകഴിയുന്ന നാട്ടിലെ കുടുംബങ്ങൾ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. അവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം തുടരാൻ സൗകര്യങ്ങൾ ചെയ്യണമെന്നും വിദ്യഭ്യാസ വായ്പയെടുത്ത കുട്ടികൾക്ക് പലിശ സബ്സിഡി നൽകണമെന്നും കേരള അസോസിയേഷൻ കുവൈത്ത് നിവേദനത്തിൽ ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ സംവിധാനം ഒരുക്കാൻ പ്രായോഗികമായ പദ്ധതികൾ നോർക്ക വഴി നടപ്പാക്കണമെന്നും കേരള അസോസിയേഷൻ കുവൈത്ത് പ്രസിഡൻറ് ഷാഹിൻ ചിറയിൻകീഴ്, ജനറൽ സെക്രട്ടറി പ്രവീൺ നന്ദിലത്ത്, ജനറൽ കോഒാഡിനേറ്റർ ശ്രീംലാൽ മുരളി എന്നിവർ നിവേദനത്തിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.