കണ്ണൂർ വിമാനത്താവളത്തെ തകർക്കരുത് -പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല കമ്മിറ്റി
text_fieldsകുവൈത്ത് സിറ്റി: കണ്ണൂര്‍ വിമാനത്താവളം വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കരുതെന്നും പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മലബാറിലെയും കർണാടകയിലെയും പ്രവാസികളും നാട്ടുകാരും ഏറെ ആശ്രയിക്കുന്ന വിമാനത്താവളമാണിത്.
യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികൾ കണ്ണൂരിലേക്ക് സർവിസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വിദേശ വിമാന കമ്പനികളുടെ സർവിസിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകിയില്ല. കേന്ദ്രത്തിന്റെ കടുംപിടിത്തം വിമാനത്താവള വികസനം മുരടിപ്പിക്കുന്നതിലേക്ക് നയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസും, ഇന്‍ഡിഗോയും മാത്രമാണ് നിലവിൽ കണ്ണൂരില്‍ നിന്നും സര്‍വിസ് നടത്തുന്നത്.
അന്താരാഷ്ട്ര സര്‍വിസുകള്‍ ഉള്‍പ്പെടെ എട്ടു സര്‍വിസുകള്‍ നടത്തിയിരുന്ന ഒരു എയര്‍ലൈന്‍സ് അടുത്തിടെ സര്‍വിസ് നിർത്തിയതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വടക്കന്‍ മലബാറിലെയും, കുടക് അടക്കമുള്ള മേഖലയിലെയും കാര്‍ഷിക ഉല്പന്നങ്ങള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ നടപടി കൈക്കൊള്ളണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നിഷേധിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാറും വിമാനത്താവള നടത്തിപ്പുകാരായ കിയാലും സമ്മർദം ഉയർത്തണം. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് മുൻകൈ എടുക്കുമെന്ന് പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല കമ്മിറ്റി വ്യക്തമാക്കി. പ്രസിഡന്റ് ഫായിസ് അബ്ദുല്ല, നിഹാദ് നാസർ, ശറഫുദ്ധീൻ എസ്.എ.പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.