പ്രവാസി വെൽഫെയർ ‘കേരളോത്സവം’; ഫർവാനിയ സോൺ ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ‘മാംഗോ ഹൈപർ കേരളോത്സവത്തിന്’ ഉജ്ജ്വല പരിസമാപ്തി. അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ആട്ടവും പാട്ടും വരകളും, രചനകളും, അഭിനയവും, എല്ലാം ഒത്തുചേർന്ന് നടന്ന വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനിക മത്സരത്തിൽ ഫർവാനിയ സോൺ ജേതാക്കളായി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ അബ്ബാസിയയെ രണ്ടാം സ്ഥലത്തേക്ക് പിൻ തള്ളിയാണ് ക്യാപ്റ്റൻ ഇളയത് ഇടവയുടെ നേതൃത്വത്തിൽ ഫർവാനിയ കപ്പ് ഉയർത്തിയത്. സാൽമിയ സോൺ മൂന്നാം സ്ഥാനക്കാരായി.
അബ്ബാസിയ, ഫർവാനിയ, ഫഹാഹീൽ, സാൽമിയ എന്നീ സോണുകളുടെ കീഴിൽ ആയിരത്തോളം മത്സരാർഥികൾ കേരളോത്സവത്തിൽ മാറ്റുരച്ചു. വിവിധ പ്രായ പരിധിയിലുള്ള കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 70 ഓളം ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി. സമാപന സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടിയും ഗായികയുമായ രമ്യാനമ്പീശൻ മുഖ്യാതിഥിയായിരുന്നു. മാംഗോ ഹൈപർ എം.ഡി. റഫീഖ് അഹ്മദ്, ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസീം സേട്ട് സുലൈമാൻ, മുറാനോ ബേക്സ് എം.ഡി അബുസലിം എന്നിവർ ആശംസകൾ നേർന്നു.
പി. കുഞ്ഞിരാമൻ സ്മാരക അവാർഡ് നേടിയ എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനെ ചടങ്ങിൽ ആദരിച്ചു. വയനാട് ഉരുൾ ദുരന്ത ഭൂമിയിൽ സേവന പ്രവർത്തനം നടത്തിയ പ്രവാസി വെൽഫെയർ പ്രവർത്തകൻ അബൂബക്കർ ആക്കോടനും സ്നേഹോപഹാരം കൈമാറി. മത്സരങ്ങളിൽ വിധി നിർണയം നടത്തിയ വ്യക്തികളെയും ആദരിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും കൺവീനർ നയീം ചാലാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.