വിശ്വാസികൾ ആദ്യവെള്ളിയുടെ നിർവൃതിയിൽ
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധമാസത്തിെൻറ പുണ്യങ്ങളേറ്റുവാങ്ങാൻ ത്യാഗപരിശ്രമങ്ങളിൽ മുഴുകിയ വിശ്വാസി സമൂഹത്തിന് റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ നിർവൃതി. പള്ളികളിൽ ജുമുഅ നമസ്കാരത്തിന് പതിവിനും നേരത്തേ എത്തി ആളുകൾ പ്രാർഥനയിൽ മുഴുകി.
കഴിഞ്ഞ ദിവസങ്ങളെ പുനർവിചിന്തനം ചെയ്ത് വരും ദിവസങ്ങളിൽ കൂടുതൽ ആവേശത്തോടെ നന്മകളിൽ മുന്നേറാൻ ഇമാമുമാർ ഉണർത്തി. ഇഫ്താർ ക്യാമ്പുകളും റമദാനോടനുബന്ധിച്ചുള്ള മറ്റു പരിപാടികളും സജീവമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങൾ നടന്നുവരുന്നു. പള്ളികളിൽ നോമ്പുതുറക്കുള്ള വിപുലമായ സംവിധാനം ഒൗഖാഫ് മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. പിരിവുകൾക്ക് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങൾക്ക് സഹായം സ്വരൂപിക്കുന്നതടക്കമുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. റമദാനിൽ പള്ളികൾ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകൾ നടത്തുന്ന ധനസമാഹരണത്തിന് തൊഴിൽ സാമൂഹിക മന്ത്രാലയം കർശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളിൽ പ്രാർഥനക്കെത്തുന്നവരിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല. ബാങ്ക് അക്കൗണ്ട് വഴിയോ കെ. നെറ്റ് സംവിധാനത്തിലൂടെയോ മാത്രമേ പണം കൈമാറ്റം ചെയ്യാൻ പാടുള്ളൂവെന്നതാണ് പ്രധാന നിബന്ധന. പിരിവിനുള്ള ബക്കറ്റുകളോ മറ്റോ പള്ളികളിൽ സ്ഥാപിക്കരുത്. പണം സ്വരൂപിക്കുന്നതിന് ചുമതലപ്പെട്ട സംഘടനാ പ്രതിനിധികൾ മന്ത്രാലയം നൽകുന്ന പ്രത്യേക കാർഡ് ദേഹത്ത് തൂക്കിയിടണം. പള്ളി ഇമാമിനെ നേരത്തെതന്നെ രേഖാമൂലം അറിയിക്കണമെന്നതാണ് മറ്റൊരു നിബന്ധന. മുൻകൂട്ടി അറിയിക്കാതെയും ഇമാമിെൻറ അനുമതി തേടാതെയുമുള്ള പണപ്പിരിവ് നിയമലംഘനമായി കണക്കാക്കും. ധനസമാഹരണത്തിന് എത്തുന്ന പ്രതിനിധികൾ സംഘടനകളെ പരിചയപ്പെടുത്തിയോ മറ്റോ പള്ളിയിൽ സംസാരിക്കാൻ പാടില്ല. നമസ്കാരത്തിലും മറ്റ് ആരാധനയിലും ഏർപ്പെട്ടവർക്ക് പ്രയാസമുണ്ടാവാതിരിക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.