വിലക്കയറ്റം തുടരുമെന്ന് വിലയിരുത്തൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പണപ്പെരുപ്പവും സാധനവില വർധനയും തുടരുമെന്ന് വിദഗ്ധ വിലയിരുത്തൽ. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകുന്നുണ്ട്. കുവൈത്തും ഇതിൽനിന്ന് ഒഴിവല്ല. വിവിധ ഉൽപന്നങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷം ഗണ്യമായ വർധനയുണ്ടായി. ഉൽപന്നങ്ങൾക്ക് 7.5 ശതമാനം മുതൽ 28 ശതമാനം വരെയാണ് വില കൂടിയത്. അതുപോലെയോ അതിലധികമായോ വില വർധിക്കാനുള്ള സാധ്യതയാണ് അധികൃതർ പ്രവചിക്കുന്നത്. ഉൽപാദന, സംഭരണ ചെലവ് വർധിച്ചിട്ടും അതനുസരിച്ചുള്ള വില വർധന ഉണ്ടായിട്ടില്ല. വിപണിയിലെ മത്സരവും വില വർധനക്ക് അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഇതിനു കാരണം. ഇത് ഏറെക്കാലം മുന്നോട്ടുപോകാൻ കഴിയില്ല.
നിയമ പിൻബലത്തോടെയും അധികൃതരുടെ അംഗീകാരത്തോടെയുമുള്ള വില വർധനക്ക് നിർബന്ധിതമാകും. നിരവധി ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ അനുമതി തേടി കമ്പനികൾ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് നിരവധി യോഗങ്ങൾ അടുത്തിടെ നടന്നു. വില നിയന്ത്രണം നീക്കിയാൽ 35 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ട്. പ്രായോഗിക പ്രശ്നം മനസ്സിലാക്കി അധികൃതർ നിയന്ത്രണം നീക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഉൽപാദനവും വിതരണവും കുറഞ്ഞത്, കടൽ വഴിയും കര വഴിയുമുള്ള ചരക്കുനീക്കത്തിലുണ്ടായ ചെലവ് വർധന, ഭാഗികമായ തൊഴിൽ, തൊഴിലാളിക്ഷാമം, സംഭരണ ചെലവ് വർധിച്ചതും കണ്ടെയ്നറുകളുടെ ക്ഷാമവും, മാടുകളിലെ രോഗവും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ കോവിഡ് വ്യാപനം എന്നിവയും വിലക്കയറ്റത്തിന് കാരണമായി.
സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് പ്രോത്സാഹനവും സഹായവും നൽകിയും ചില ഉൽപന്നങ്ങളുടെ കയറ്റുമതി വിലക്കിയും ചില ഉൽപന്നങ്ങൾക്ക് പരമാവധി വില നിശ്ചയിച്ചുമാണ് വാണിജ്യ മന്ത്രാലയം വിലക്കയറ്റം തടയാൻ ശ്രമിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില വർധനയും ചെലവ് വർധിച്ചതും കമ്പനികളുടെ ലാഭം കുറച്ചിട്ടുണ്ട്. സാധന വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന അവസ്ഥയാണ് പല കമ്പനികൾക്കും. ഇവർ ഇത് അധികൃതരെ ബോധിപ്പിക്കാൻ ശ്രമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.