ജി.സി.സി-ഇ.യു ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: ബ്രസൽസിൽ നടന്ന ആദ്യ ജി.സി.സി-ഇ.യു ഉച്ചകോടിയിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് പങ്കെടുത്തു. ഉച്ചകോടിയെ ചരിത്രപരമായ ഒന്നായി വിശേഷിപ്പിച്ച പ്രധാനമന്ത്രി ജി.സി.സിയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് ഇതെന്നും ചൂണ്ടിക്കാട്ടി. ഇരുവിഭാഗങ്ങൾക്കുമിടയിൽ സഹകരണം വർധിപ്പിക്കാനും വികസിപ്പിക്കാനുമുള്ള ആത്മാർഥമായ ആഗ്രഹത്തെ ഉച്ചകോടി പ്രതിഫലിപ്പിക്കുന്നു.
പരസ്പര ധാരണയിലും സഹകരണത്തിലും ആദരവിലും അധിഷ്ഠിതമായ ഈ സമീപനം പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന കുവൈത്തിന്റെ തത്ത്വാധിഷ്ഠിത നിലപാട് ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇത് പിന്തുടരണമെന്നും അഭ്യർഥിച്ചു.
ദ്വിരാഷ്ട്ര സെറ്റിൽമെന്റ് നടപ്പിലാക്കുന്നതിനായി സൗദി അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ കലഹങ്ങൾ പരിഹരിക്കുക, അന്താരാഷ്ട്ര നിയമ തത്ത്വങ്ങൾ പാലിക്കുക, ആഗോളക്രമത്തെ അവതാളത്തിലാകാതെ സംരക്ഷിക്കുക, ഇരട്ടത്താപ്പ് നിരസിക്കുക എന്നിവയിൽ കുവൈത്ത് പ്രതിജ്ഞാബന്ധമാണെന്നും വ്യക്തമാക്കി. സായുധ സംഘട്ടനങ്ങളും ദുരന്തങ്ങളും നേരിടുന്ന പ്രദേശങ്ങളിലെ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിനും ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.