കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിയാണ് ഉത്തരവ് ഇറക്കിയത്. 2020-21 അക്കാദമിക വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
സാധാരണ നിലയില്‍ കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പഠിക്കാവുന്ന സാഹചര്യം ഒരുങ്ങും വരെ ഈ നില തുടരും. ഫീസ് കുറച്ചത് സ്‌കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഫീസ് കുറക്കാത്ത സ്‌കൂളുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കും. നേരിട്ട് ക്ലാസുകള്‍ നടത്തുന്ന അത്ര ചെലവ് സ്‌കൂളുകള്‍ ഉണ്ടാവുന്നില്ല എന്നതിനാലും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സേവനം നേരിട്ടുള്ള അധ്യയനത്തേക്കാള്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ കുറവാണെന്നതിനാലുമാണ് ഫീസ് കുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.
കോവിഡ് പ്രതിസന്ധിയില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടും കുറഞ്ഞും പ്രയാസം നേരിടുന്ന രക്ഷിതാക്കള്‍ക്ക് ഫീസ് ഇളവ് അല്‍പം ആശ്വാസം നല്‍കും. വിദ്യാഭ്യാസ ചെലവ് താങ്ങാനാവാതെയും വരുമാനത്തില്‍ ഇടിവും അനിശ്ചിതാവസ്ഥയും തുടരുന്നതിനാലും നിരവധി പ്രവാസികളാണ് കുടുംബത്തെ നാട്ടിലയക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.