ആരോഗ്യപദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്ക് വലുത് -ആരോഗ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൻ ആരോഗ്യപദ്ധതികൾ നടപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം സൂചിപ്പിച്ച് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. ‘പുതിയ കുവൈത്ത്- 2035’ വീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യസേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
11ാമത് കുവൈത്ത് ഹെൽത്ത് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ (കുവൈത്ത് മെഡിക്ക) ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2035 വിഷൻ സ്വകാര്യ, സർക്കാർ മേഖലകൾ തമ്മിലുള്ള സംയോജനമാണ്. ഈ സംയോജനത്തിന്റെ വലിയ തെളിവാണ് കുവൈത്ത് മെഡിക്ക കോൺഫറൻസും എക്സിബിഷനുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ ഫർവാനിയ ആശുപത്രി ഉൾപ്പെടെ, നിരവധി ആശുപത്രികളിൽ ആരോഗ്യസേവനങ്ങളും മെഡിക്കൽ വിഭാഗങ്ങളും തുറന്നത് മന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ ഗൈനക്കോളജി, പ്രസവചികിത്സ, ശിശുവിഭാഗം, മാസം തികയാത്ത ശിശുക്കൾക്കുള്ള ചികിത്സ, റേഡിയോളജി, ലബോറട്ടറി വിഭാഗങ്ങളുടെ ഉദ്ഘാടനവും നടക്കും. എന്നാൽ, ഇത് പൗരന്മാർക്കു മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കോൺഫറൻസുകളിൽ ഒന്നാണ് കുവൈത്ത് മെഡിക്ക. പ്രമുഖ അന്തർദേശീയ, പ്രാദേശിക സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.