വിവാഹ ചടങ്ങുകൾക്കും ഒത്തുകൂടലുകൾക്കും വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിവാഹച്ചടങ്ങുകൾ നിർത്തിവെക്കാൻ മന്ത്രിസഭ നിർദേശിച്ചു. കുട്ടികളെ പങ്കെടുപ്പിച്ചുള്ള എല്ലാ പരിപാടികളും നിർത്തിവെക്കാനും നിർദേശമുണ്ട്. വിവാഹം, പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികൾ, കുട്ടികൾ പങ്കെടുക്കുന്ന പരിപാടികൾ എന്നിവക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെയുണ്ടായിരുന്ന നിയന്ത്രണത്തിൽ കോവിഡ് സ്ഥിതി മെച്ചപ്പെട്ടപ്പോൾ ഇളവ് നൽകിയിരുന്നു.
ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വിവാഹച്ചടങ്ങുകളും സമ്മർ ക്ലബ് ഉൾപ്പെടെയുള്ള കുട്ടികൾക്കായുള്ള പരിപാടികളും റദ്ദാക്കാനാണ് തീരുമാനം. വിദ്യാർഥികളുടെ ബിരുദദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.
മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ എന്നിവ രാത്രി എട്ടിന് അടക്കണമെന്ന നിയന്ത്രണം തുടരാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കാനായി പ്രതിരോധ മന്ത്രാലയത്തെയും കുവൈത്ത് ഓയിൽ കോർപറേഷനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
യോഗത്തിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിശദീകരിച്ചു. കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശകൾ കൂടി ചർച്ച ചെയ്ത ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.