വ്യാപാരം പ്രോത്സാഹിപ്പിക്കൽ; മലാവി അംബാസഡർ ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ചർച്ച
text_fieldsകുവൈത്ത് സിറ്റി: വ്യാപാര സാധ്യതകൾ ചർച്ചചെയ്ത് മലാവിയും ലുലു ഹൈപ്പർ മാർക്കറ്റും. ഇതിന്റെ ഭാഗമായി കുവൈത്തിലെ മലാവി അംബാസഡർ യൂനുസ് അബ്ദുൽ കരീം ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഓഫിസിൽ സന്ദർശനം നടത്തി. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, മറ്റ് ഉന്നത മാനേജ്മെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
മലാവിയുടെ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി, മറ്റു ബിസിനസ് സാധ്യതകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈത്തിലെ സാന്നിധ്യത്തെയും റീട്ടെയിൽ മേഖലയിലെ നിർണായക പങ്കിനെയും അംബാസഡർ യൂനുസ് അബ്ദുൽ കരീം അഭിനന്ദിച്ചു.
ഗുണനിലവാരവും വൈവിധ്യമാർന്നതുമായ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്നതിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പ്രതിബദ്ധതയും എടുത്തുപറഞ്ഞു. മലാവിയൻ ഉൽപന്നങ്ങൾക്ക് കുവൈത്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ മുഹമ്മദ് ഹാരിസ് താൽപര്യം പ്രകടിപ്പിച്ചു.
ഉപഭോക്താക്കൾക്ക് വ്യതിരിക്തമായ ആവശ്യകതകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ലുലു ഹൈപ്പർ മാർക്കറ്റിന് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലാവിയൻ ഉൽപന്നങ്ങൾ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വിഷയത്തിൽ അംബാസഡർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മലാവിയും ലുലു ഹൈപ്പർ മാർക്കറ്റും തമ്മിലുള്ള സഹകരണം, കുവൈത്തിലെയും മലാവിയിലെയും ജനങ്ങൾക്കിടയിൽ അർഥവത്തായ ബന്ധങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.