‘പ്രവാചകൻ വിശ്വവിമോചകൻ’ കെ.ഐ.ജി കാമ്പയിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിൻ ഉദ്ഘാടന സമ്മേളനം റിഗ്ഗഇ ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി വിഷയാവതരണം നടത്തി.
ജനങ്ങൾ അനുഭവിച്ചിരുന്ന മുഴുവൻ പ്രശ്നങ്ങളിൽ നിന്നുമുള്ള സമ്പൂർണ വിമോചനമായിരുന്നു പ്രവാചകന്റെ നിയോഗലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിത ഭാരങ്ങളെ ഇറക്കിവെച്ച് സമൂഹത്തിൽ നൻമകൾ നട്ടുപിടിപ്പിക്കുകയും തിന്മ പിഴുതെറിയുകയും ചെയ്യുന്ന രൂപത്തിൽ അറേബ്യൻ ഭൂമികയിൽ സമൂലമായ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച അതുല്യനായ വ്യക്തിത്വമായിരുന്നു പ്രവാചകൻ മുഹമ്മദ്.
ചരിത്ര പ്രസിദ്ധമായ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിലെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സർവതല സ്പർശിയായ ആശയങ്ങളും നിർദേശങ്ങളും പ്രവാചകൻ വിമോചകനായിരുന്നു എന്ന് അടിവരയിടുന്നതാണെന്നും ചൂണ്ടിക്കാട്ടി.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. കാമ്പയിൻ ലഘുലേഖ പ്രകാശനം യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽഖാന് നൽകി ഐവ പ്രസിഡന്റ് സമിയ ഫൈസൽ നിർവഹിച്ചു. എൻ.പി. അബ്ദുറസാഖ്, ഐവ സെക്രട്ടറി നജ്മ ശരീഫ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കെ.ഐ.ജി ആക്ടിങ് ജനറൽ സെക്രട്ടറി സാബിഖ് യൂസുഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അൻവർ സഈദ് സമാപന പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.