റോഹിങ്ക്യൻ അഭയാർഥികൾക്ക് തണലേകാൻ ഖത്തർ–കുവൈത്ത് റെഡ്ക്രസൻറ്
text_fieldsമുപ്പത് ലക്ഷം ഡോളർ ചെലവഴിക്കുന്ന പദ്ധതിക്ക് 8.34 ലക്ഷം അഭയാർഥികൾ ഗുണഭോക്താക്കളാവും
കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് കരുതലുമായി ഖത്തർ, കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റികൾ. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആരോഗ്യപരിരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റിയും തമ്മിൽ സഹകരണക്കരാർ ഒപ്പുവെച്ചു.
കരാർപ്രകാരമുള്ള പദ്ധതിയിലൂടെ 8,34,000 പേർ ഗുണഭോക്താക്കളാകും. ഇതിൽ 6000 പേർക്ക് ഷെൽട്ടർ സേവനം ലഭിക്കും. അവശേഷിക്കുന്നവർക്ക് പ്രാഥമികാരോഗ്യ സേവനങ്ങളും സാമൂഹിക ആരോഗ്യസേവനങ്ങളും ലഭ്യമാക്കും. ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റിയും കുവൈത്ത് അറബ് ഇക്കണോമിക് ഡെവലപ്മെൻറ് ഫണ്ടും സഹകരിച്ച് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് 30 ലക്ഷം ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹസൻ അൽ ഹമ്മാദി, കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് ഡോ. ഹിലാൽ മുസഇദ് അൽ സായിർ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ബംഗ്ലാദേശ് റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് കോക്സ് ബസാറിലാണ് പദ്ധതി നടപ്പാക്കുക.
മ്യാന്മറിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തെത്തിയ അഭയാർഥികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുക, ജീവൻരക്ഷാ സഹായം നൽകുക തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു ഘട്ടമായി 1200 ഷെൽട്ടറുകൾ അഭയാർഥികൾക്കായി നിർമിക്കും. രണ്ട് പള്ളികളും സാമൂഹിക കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. ഇതിലൂടെ സുരക്ഷിത സാഹചര്യത്തിൽ വിശ്വാസികൾക്ക് ആരാധനാകർമങ്ങൾ നിർവഹിക്കാനും സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെടാനും സൗകര്യമൊരുക്കപ്പെടും.
പുതിയ ഷെൽട്ടറുകളിലേക്ക് താമസം മാറ്റുന്നതിന് മുമ്പായി അഭയാർഥികൾക്കുള്ള അടുക്കള ഉപകരണങ്ങൾ, മാറ്റുകൾ, സൗരോർജ വിളക്കുകൾ എന്നിവ നൽകും. മൂന്ന് ഘട്ടമായാണ് ഇതിെൻറ വിതരണം നടപ്പാക്കുക.
അഭയാർഥികൾക്കും ദരിദ്രരായ കുടുംബങ്ങൾക്കും സുരക്ഷിതവും സമഗ്രവുമായ ആരോഗ്യസേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ മറ്റൊരു ഉദ്ദേശ്യം. ക്യാമ്പുകളിൽ ഇതിനായി വിവിധ സൗകര്യങ്ങളോടെ മൂന്ന് ഹെൽത്ത് സെൻററുകൾ പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് സെൻററുകളിൽ പ്രതിദിനം 60–70 രോഗികൾക്ക് സന്ദർശിക്കാൻ സാധിക്കും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും പ്രവർത്തനം.
കൂടാതെ വലിയ ആശുപത്രികളിലേക്കും കൂടുതൽ സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്കും ഗുരുതരമായ കേസുകളിൽ റഫറൽ സംവിധാനവും ഇവിടെ നടപ്പാക്കും. സാമൂഹിക ആരോഗ്യസംഘം ക്യാമ്പുകൾ സന്ദർശിക്കുകയും അഭയാർഥികൾക്കിടയിൽ ആരോഗ്യ–വിദ്യാഭ്യാസം, ബോധവത്കരണം എന്നിവ നൽകുകയും ചെയ്യും.
നേരത്തെ, സിറിയയിലെ അലപ്പോയിലെ അഭയാർഥികൾക്കായി ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഭാഗമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും കുവൈത്ത് റെഡ്ക്രസൻറും സഹകരണക്കരാർ ഒപ്പുവെക്കുകയും പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.